Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ബിജെപി അനുകൂല പ്രസ്താവന, ഒറ്റപ്പെട്ട് അനില്‍ ആന്റണി: കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും സൂചന

ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായ നിലപാടെടുത്ത അനിലിനെ പിന്തുണച്ച് ആരും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി

തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന ആ ഒരൊറ്റ പ്രസ്താവനയോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന അനില്‍ ആന്റണി തീര്‍ത്തും ഒറ്റപ്പെട്ടു. അനിലിന്റെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പ് ഏറെ നാളായി പാര്‍ട്ടിയിലുണ്ടായിരുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ പലരോടും അനിലും വിയോജിപ്പിലായിരുന്നു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിയോജിപ്പുകളെ മറനീക്കി. ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനു വിരുദ്ധമായ നിലപാടെടുത്ത അനിലിനെ പിന്തുണച്ച് ആരും രംഗത്തെത്തിയില്ലെന്നതും ശ്രദ്ധേയമായി. ഏറ്റവും അടുപ്പം പുലര്‍ത്തുന്ന തരൂരിന്റെ പിന്തുണയും അനിലിനു ലഭിച്ചില്ല. ഡിജിറ്റല്‍ മീഡിയ സെല്‍ പുനഃസംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണു രാജി.

Read Also: ജനങ്ങള്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ശശി തരൂര്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിക്കു സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് എഐസിസിയുടെയും കെപിസിസിയുടെയും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് അനില്‍ ആന്റണി എത്തുന്നത്. വിവിധ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തായിരുന്നു കരുത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറെന്ന നിലയില്‍ ഡിജിറ്റല്‍ പ്രചാരണത്തിനു മേല്‍നോട്ടം വഹിച്ചു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അനിലിന്റെ പ്രവര്‍ത്തനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് സൈബര്‍ ടീമെന്ന പേജായിരുന്നു വിമര്‍ശനത്തില്‍ മുന്നില്‍. പേജിന് ഔദ്യോഗിക അംഗീകാരം നല്‍കാത്തതിന്റെ പേരിലാണു വിമര്‍ശനമെന്നായിരുന്നു അനിലിന്റെ മറുപടി.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പ്രവര്‍ത്തനങ്ങളില്‍നിന്ന് അനില്‍ പിന്‍വാങ്ങി തുടങ്ങി. നേതാക്കളില്‍നിന്നു പിന്തുണ കിട്ടാത്തതാണു കാരണമെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. അനില്‍, തരൂര്‍ ഒഴികെയുള്ള നേതൃനിരയോട് അകലം പാലിച്ചെന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തില്ലെന്നുമാണു മറുവാദം.

മോദിക്കെതിരെ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്ത് ഡോക്യുമെന്ററി പ്രദര്‍ശനവുമായി മുന്നോട്ടു പോകുമ്പോള്‍, മോദിക്ക് അനുകൂല പരാമര്‍ശമുണ്ടായതിനെ നേതൃത്വം ഒറ്റക്കെട്ടായി തള്ളി. മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയുടെ മകനെന്ന പരിഗണനയും ലഭിച്ചില്ല. ട്വീറ്റ് പിന്‍വലിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും അനില്‍ വഴങ്ങിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിലും താല്‍പര്യത്തിലും രാഷ്ട്രീയം കളിക്കരുതെന്ന നിലപാടില്‍ ഉറച്ചു നിന്നു. തനിക്കെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ചില കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ഉചിതമായ സാഹചര്യത്തില്‍ അതു വെളിപ്പെടുത്തുമെന്നും അനില്‍ പ്രഖ്യാപിച്ചത് വിവാദങ്ങള്‍ തുടരുമെന്ന സൂചന നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button