തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരള മിഷന്റെയും മയക്കുമരുന്നിനെതിരെ എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ക്യാമ്പയിൻ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒരു പൊതുവിടം കണ്ടെത്തി ശുചീകരിക്കും. ജനുവരി 30 വരെ ഓരോ വാർഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ ഇരുപത്തി അയ്യായിരം കേന്ദ്രങ്ങൾ ശുചീകരിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ കേരളാ കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പാലക്കാട് നടക്കുന്ന പരിപാടിയിൽ മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.
മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വിപുലമായ പ്രചാരണ പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടത്തിന്റെ സമാപനമാണ് വ്യാഴാഴ്ച്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലഹരിയില്ലാ തെരുവ് പരിപാടി സംഘടിപ്പിക്കും. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജു, എറണാകുളത്ത് മന്ത്രി പി രാജീവ്, പാലക്കാട് മന്ത്രി എം ബി രാജേഷ്, മലപ്പുറത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി, വയനാട്ടിൽ മന്ത്രി ആർ ബിന്ദു, കാസർഗോഡ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.
വിദ്യാർഥികളുടെ വിവിധ കലാകായിക പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഗോൾ ചലഞ്ചിൽ 2,01,40,526 ഗോളുകളടിച്ചിരുന്നു. മയക്കുമരുന്ന് രഹിത മാലിന്യമുക്ത ലോകകപ്പ് ആഘോഷിക്കാനുള്ള തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിർദേശത്തിനും വലിയ പിന്തുണയാണ് ലഭിച്ചത്. ടീമുകൾ പുറത്താകുന്നതിന് അനുസരിച്ച് ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്ത് ആരാധകരും ഈ ആഹ്വാനത്തോടൊപ്പം നിന്നു. നവംബർ 14ന് തുടങ്ങിയ രണ്ടാം ഘട്ട പ്രചാരണത്തിനാണ് നാളെ സമാപനമാകുന്നത്.
മയക്കുമരുന്നിനെതിരെയും മാലിന്യത്തിനെതിരെയും സമൂഹത്തെയാകെ ബോധവത്കരിക്കാനും അണിനിരത്താനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കൊപ്പം എല്ലാവരും അണിനിരക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
Post Your Comments