കൊച്ചി: കൊച്ചി രവിപുരത്തെ ട്രാവല്‍സ് ഓഫീസില്‍ കഴിഞ്ഞ ദിവസം ജീവനക്കാരിക്കു നേരെയുണ്ടായത് മൃഗീയ അതിക്രമമെന്ന് റിപ്പോര്‍ട്ട്. കഴുത്തുമുറിഞ്ഞ് ചോരവാര്‍ന്ന് മരണവെപ്രാളത്തില്‍ പുറത്തേക്കോടിയെ യുവതിയെ പ്രതി കസേരയില്‍ ബന്ധിയാക്കി. അതിനിടെ യുവതിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കത്തികളില്‍ ഒന്ന് രണ്ടായി ഒടിഞ്ഞു. കഴുത്തുമുറിഞ്ഞ് ശബ്ദം നിലച്ച യുവതി, പിന്നീടുള്ള പ്രതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയാണ് നല്‍കിയത്. ചോരപ്പാടുള്ള പേപ്പറുകളില്‍ ഇത്തരത്തില്‍ ഉത്തരങ്ങള്‍ എഴുതി നല്‍കിയത് തെളിവെടുപ്പിനിടെ പൊലീസ് കണ്ടെടുത്തതോടെ യുവതിക്ക് നേരെ ഉണ്ടായ ആക്രമണത്തിന്റെ ഭീകരത പുറത്തുവന്നു.
Read Also: കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ
പ്രതിയായ ജോളി ജെയിംസ് എല്ലാം ആസൂത്രണം ചെയ്താണ് എത്തിയതെന്നാണ് എസിപി പി.രാജ്കുമാര്‍ വ്യക്തമാക്കി. ട്രാവല്‍സ് ഉടമ മുഹമ്മദ് അലിക്കായി പ്രതി അര മണിക്കൂറിലേറെ ഓഫിസില്‍ കാത്തിരുന്നു. ഓഫീസ് ജീവനക്കാരിയെക്കൊണ്ട് ഉടമയെ ഫോണില്‍ വിളിപ്പിച്ചുവെന്നും എസിപി പറഞ്ഞു.
അതേസമയം, പ്രതിയായ ജോളി ജെയിംസിന്റെ മൊഴികള്‍ തള്ളുന്ന നിലപാടാണ് ട്രാവല്‍സ് ഉടമ മുഹമ്മദ് അലി സ്വീകരിച്ചത്. ജോളിയില്‍നിന്ന് വിസയ്ക്കായി വാങ്ങിയത് 35,400 രൂപ മാത്രമാണെന്ന് ഉടമ പറയുന്നു. വര്‍ക് പെര്‍മിറ്റ് റദ്ദാക്കിയതോടെ 2020ല്‍ അക്കൗണ്ട് മുഖേന പണം തിരികെ നല്‍കിയെന്നും ഉടമ പറയുന്നു.
ട്രാവല്‍സ് ഓഫീസില്‍ കയറി ജീവനക്കാരിയെ കുത്തിപ്പരുക്കേല്‍പിച്ച കേസില്‍ പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി ജോളി ജയിംസിനെ (46) ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു നഗരത്തെ നടുക്കിയ സംഭവം. രവിപുരം ജംക്ഷനില്‍ പ്രവര്‍ത്തിക്കുന്ന റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയായ കട്ടപ്പന വണ്ടന്‍മേട് സ്വദേശിനി സൂര്യ മോഹന്‍ (26) ആണ് ആക്രമണത്തിന് ഇരയായത്. ജോളി ഓഫീസില്‍ കയറി കത്തി കൊണ്ടു സൂര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടിയെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴുത്തില്‍ ഗുരുതര മുറിവേറ്റ ഇവര്‍ക്കു ശസ്ത്രക്രിയ നടത്തി.
ജോളി 5 വര്‍ഷം മുന്‍പ് ലിത്വാനിയയില്‍ ജോലിക്കു വേണ്ടിയുള്ള വിസയ്ക്കായി ട്രാവല്‍സില്‍ ഒന്നര ലക്ഷം രൂപ കൊടുത്തിരുന്നതായി പറയുന്നു. ഈ പണം പല പ്രാവശ്യം ചോദിച്ചിട്ടും പൂര്‍ണമായി തിരികെ ലഭിച്ചില്ലെന്നും തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും പ്രതി പറഞ്ഞു. കോവിഡ് ലോക്ഡൗണിന് മുന്‍പാണ് ജോളി ട്രാവല്‍സില്‍ പണം നല്‍കിയത്. കോവിഡ് വ്യാപനം പ്രതീക്ഷ തകര്‍ത്തെന്നും ലോക്ഡൗണിനു ശേഷവും വിവിധ കാരണങ്ങള്‍ മൂലം വിസ ശരിയായില്ലെന്നുമാണു ജോളിയുടെ മൊഴി. പണം തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചത്.
Post Your Comments