തിരുവനന്തപുരം: തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘ നാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനാധിപത്യം സ്ഥാപിതമായത്. പടിഞ്ഞാറിന് പുറത്ത് ഇന്ത്യയിൽ മാത്രമാണ് ജനാധിപത്യം തടസ്സങ്ങളില്ലാതെ നിലനിൽക്കുന്നത്. എന്താണതിന് കാരണമെന്ന് യുവജനങ്ങൾ ചിന്തിക്കേണ്ടതുണ്ട്. ജനാധിപത്യ ക്രമത്തിന്റെ തുടക്കത്തിൽതന്നെ ഇന്ത്യ ആത്മീയ ജനാധിപത്യത്തിൽ വിശ്വസിച്ചതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം വളരെ താല്പര്യം ജനിപ്പിക്കുന്ന കേസ് സ്റ്റഡി ആണ്. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് ഒരിക്കൽ വിശേഷിപ്പിച്ച കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ഇന്ന് സമത്വവും അന്തസ്സും നിലനിൽക്കുന്ന മികച്ചയിടമാണ്. ഈ മാറ്റം സംഭവിച്ചിട്ടുള്ളത് സംഘർഷരഹിതമായാണ്. ശ്രീനാരായണഗുരു പറഞ്ഞതുപോലെ നിന്നിലും എന്നിലും ഒരുപോലെ ദൈവീകത നിലനിൽക്കേ നാം എങ്ങിനെയാണ് വ്യത്യസ്തരാകുക എന്ന മഹനീയ ചിന്തയിൽ നിന്നാണ് ഈ മാറ്റമുണ്ടായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർത്ഥ ജനാധിപത്യ വ്യവസ്ഥയിൽ അക്രമവും കലാപവും പ്രവർത്തിയിൽ മാത്രമല്ല ചിന്തയിൽ പോലും ഉണ്ടാകില്ല. ആളുകൾ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുകയും മത്സരിക്കുകയും തെരഞ്ഞെടുപ്പ് വിജയിയെ അനുമോദിക്കുകയും ചെയ്യും. വെറുപ്പോ വിദ്വേഷമോ ഉണ്ടാകില്ല. അത്രയും വിലപ്പെട്ട ജനാധിപത്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കണമെന്ന് യുവജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാറും ഗവർണറും എല്ലാം നിശ്ചിത കാലയളവിനുശേഷം മാറും. മാറാത്തത് ജനങ്ങളുടെ പൗരത്വമാണ്. അതിനാൽ ജനങ്ങൾ എന്ന പൗരന്മാരാണ് കണ്ണിലെണ്ണയൊഴിച്ച് ജനാധിപത്യം കാത്തു സംരക്ഷിക്കേണ്ടതെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
Leave a Comment