
ഈരാറ്റുപേട്ട: വിദേശ കറൻസി തട്ടിയെടുക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. നടയ്ക്കൽ കരിം മൻസിലിൽ മുഹമ്മദ് നജാഫ് (33), ആലപ്പുഴ പൂച്ചാക്കൽ പുന്നക്കാത്തറ വീട്ടിൽ അഖിൽ ആന്‍റണി (29), ഇടക്കൊച്ചി തടിയൻ കടവിൽ ടി.എസ്. ശരത് ലാൽ (30), ഈരാറ്റുപേട്ട എം.ഇ.എസ് ജങ്ഷൻ നൂറനാനിയിൽ വീട്ടിൽ ജംഷീർ കബീർ (34), ആലപ്പുഴ പെരുമ്പളം ജങ്ഷനിൽ ഷിബിൻ മൻസിൽ ഷിബിൻ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം പുലർച്ച 5.30ഓടെയാണ് സംഭവം. വിദേശ കറൻസി എക്സ്ചേഞ്ച് ചെയ്യുന്ന കമ്പനിയുടെ എക്സിക്യൂട്ടിവായി ജോലി ചെയ്യുന്നയാളെ തടഞ്ഞുനിർത്തി ബാഗ് കവർന്നിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് വിദേശ കറൻസി അടക്കം കവര്‍ച്ച ചെയ്യാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ബാഗിൽ വിദേശ കറൻസി ഉണ്ടായിരുന്നില്ല.
പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞ ഇവരെ ശാസ്ത്രീയ പരിശോധനയിലൂടെ വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. അഖിൽ ആന്‍റണിക്കെതിരെ പൂച്ചാക്കൽ, പനങ്ങാട് സ്റ്റേഷനുകളില്‍ മോഷണക്കേസുകളും മറ്റൊരു പ്രതിയായ ശരത് ലാലിനെതിരെ പള്ളുരുത്തി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളും നിലവിലുണ്ട്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments