
അടിമാലി: സമൂഹമാധ്യമത്തിൽ ലൈവിട്ട ശേഷം വീടിന് തീവെച്ച് അഗ്നിക്കിരയാക്കി യുവാവ് മുങ്ങി. അടിമാലി പത്താം മൈൽ ദേവിയാർ കോളനി പുത്തൻപുരയിൽ ഡെൽമൻ ദാനിയേൽ (19) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രചരിപ്പിച്ച് വീടിന് തീയിട്ടത്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. വീട്ടുകാർ ഉറക്കമുണർന്ന് വരുന്നതിനിടെ തീ ഉയരുന്നത് കണ്ടതായും പുകയുടെ അസ്വസ്ഥത ഉണ്ടായതായും പിതാവ് ദാനിയേൽ പറഞ്ഞു. ഡെൽമൻ തീ മറ്റു മുറികളിലേക്ക് പടർത്താനും ശ്രമിച്ചിരുന്നു. വിവരം പൊലീസിനേയും അഗ്നിരക്ഷാ സേനയെയും അറിയിക്കുന്നതിനിടെ ഡെൽമൻ ഓടി രക്ഷപ്പെടുകയായിരുന്നു.
അടിമാലിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ആണ് തീയണച്ചത്. വീട്ടിലെ പകുതിയോളം ഫർണിച്ചറും വസ്ത്രങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ഡെൽമന് വേണ്ടി അന്വേഷണം ശക്തമാക്കിയതായി അടിമാലി പൊലീസ് അറിയിച്ചു.
Post Your Comments