ഡൽഹി: ആൻഡ്രോയിഡിനോടും ഐഒഎസിനോടും കിടപിടിക്കുന്ന ഇന്ത്യൻ നിർമ്മിത മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമാണ് ‘ഭറോസ്’ (BharOS). സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകി, ഐഐടി മദ്രാസാണ് തദ്ദേശ നിർമ്മിതമായ ഒഎസ് വികസിപ്പിച്ചെടുത്തത്. നിലവിൽ അതീവരഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കേണ്ട, രഹസ്യരേഖകൾ കൈകാര്യം ചെയ്യേണ്ട വിഭാഗങ്ങളിലാണ് ഭറോസ് നൽകുക.
ആപ്പിളിന്റെ ഐഒഎസും ഗൂഗിളിന്റെ ആൻഡ്രോയിഡും ഒരു സ്മാർട്ഫോണിൽ പ്രവർത്തിക്കുന്നത് സമാനമായാണ് ഭറോസിന്റെയും പ്രവർത്തനം.സർക്കാർ, പൊതു സംവിധാനങ്ങളിൽ ഉപയോഗിക്കാനായി സർക്കാർ ഫണ്ട് ചെയ്ത് വികസിപ്പിച്ച സൗജന്യ, ഓപ്പൺ സോഴ്സ് ഒഎസ് ആണ് ഭറോസ്.
ചൊവ്വാഴ്ച ഡൽഹിയിൽ വച്ച് കേന്ദ്ര കമ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, വിവരസാങ്കേതിക, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ടെസ്റ്റ് ചെയ്തു. പുതിയ ഒഎസ് വികസിപ്പിച്ച സാങ്കേതിക വിദഗ്ധരെ അഭിനന്ദിക്കുന്നതായി മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവും പങ്കെടുത്തു. സ്മാർട്ഫോണുകളിൽ വിദേശ ഒഎസുകളെ കൂടുതലായി ആശ്രയിക്കുന്നതിനു പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
Post Your Comments