ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.
പിഎം കിസാന്‍ തുകയിലെ വര്‍ധനവ് ഒരു വര്‍ഷത്തേക്കായിരിക്കുമെന്നാണ് വിവരം. അതിനുശേഷം അത് അവലോകനം ചെയ്യുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തുക ഇരട്ടിയാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ചിലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതിനാല്‍ വര്‍ധനവ് പരിമിതപ്പെടുത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഒരു കര്‍ഷകന് 2,000 രൂപയുടെ വര്‍ധനവിലൂടെ സര്‍ക്കാരിന് 22,000 കോടി അധിക ചിലവ് വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
2019 ഫെബ്രുവരിയില്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കര്‍ഷകര്‍ക്ക് എല്ലാ വര്‍ഷവും വളവും വിത്തും വാങ്ങാന്‍ 6,000 രൂപ വാര്‍ഷിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്. ഇതുവരെ 2000 രൂപ വീതമുള്ള 12 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കത്തില്‍ 31 ദശലക്ഷത്തില്‍ നിന്ന് ഗുണഭോക്താക്കളുടെ എണ്ണം 110 ദശലക്ഷം കവിഞ്ഞു.
Post Your Comments