തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് സംഘം തിങ്കളാഴ്ച്ച തീപിടുത്തം ഉണ്ടായ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. മാർച്ച് എട്ടിന് പുലർച്ചെ ഒന്നേമുക്കാലിനാണ് വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചത്.
Read Also: ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ. സുരേന്ദ്രൻ
വർക്കല സ്വദേശി പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഹിൽ, മരുമകൾ അഭിരാമി, അഭിരാമിയുടെ ആറ് മാസം പ്രായമായ മകൻ റയാൻ എന്നിവർ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇത് എങ്ങുമെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. വിദഗ്ധ അന്വേഷണം ആവശ്യപ്പെട്ട് പ്രതാപന്റെ മൂത്ത മകൻ രാഹുൽ ഒന്നരമാസം മുമ്പ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പോലീസിന്റെയും ഫയർഫോഴ്സിന്റെയും വിലയിരുത്തൽ. എന്നാൽ, ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്നാണ് വൈദ്യുതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
തീപിടിത്തത്തെത്തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എസ് പി സുനിൽകുമാറിനാണ് അന്വേഷണച്ചുമതല.
Post Your Comments