കൊച്ചി: നരേന്ദ്രമോദി സർക്കാർ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നത് പ്രത്യേക ശമ്പളവും പദവിയും കൊടുത്ത് ഡൽഹിയിൽ പ്രതിഷ്ഠിക്കുന്ന ആളുകളുടെ ഇടപെടൽ കൊണ്ടല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഡൽഹിയിൽ ഒരു പ്രത്യേക പ്രതിനിധിയും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്ന സർക്കാരാണ്. എഫ്എസിടിയടക്കം കേരളത്തിലെ കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് വലിയ പ്രാധാന്യമാണ് കേന്ദ്രം നൽകുന്നത്. കൊച്ചിൻ ഷിപ് യാർഡിന്റെ വിജയഗാഥ ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിവഗിരി തീർത്ഥാടന സർക്യൂട്ട് മുതൽ കൊച്ചി മെട്രോ വരെ കേന്ദ്രത്തിന്റെ കരുതലും പരിഗണനയും കേരളം കണ്ടതാണ്. ഫെഡറൽ സർക്കാരിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാലാണ് സംസ്ഥാനത്തിനായുള്ള കേന്ദ്ര ഇടപെടലുകൾ ഉണ്ടാകുന്നത്. രാഷ്ട്രീയ അഭയാർത്ഥികളെ തീറ്റിപ്പോറ്റാൻ നിർബന്ധിതരാകുന്നവർ കേന്ദ്രത്തെ കൂട്ടുപിടിച്ച് അതിന് തെറ്റായ വിശദീകരണം നൽകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments