എൻ.ഐ.എയുടെ റെയ്ഡിന് പിന്നാലെ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഈ രാജ്യത്തെ നിയമം ലംഘിച്ച് ഹർത്താൽ നടത്തി, ജനങ്ങളുടെ മൗലികാവകാശം ലംഘിച്ച് അക്രമം അഴിച്ചുവിട്ടു പൊതുമുതൽ നശിപ്പിച്ചതിന് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാതെ പിന്നെന്ത് വേണമെന്ന് അദ്ദേഹം ചോദിക്കുന്നു. നൈതികമായോ നിയമപരമായോ കോടതിവിധിയിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത ചില വർഗ്ഗീയ വാദികൾ ഇരവാദം മുഴക്കി രംഗത്ത് വന്നിട്ടുണ്ടെന്നും, ഇസ്ലാമോഫോബിയ എന്നൊക്കെയാണ് ഇരവാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘ആ മണ്ടത്തരം വിശ്വസിക്കാൻ യുക്തിയും സാമാന്യബുദ്ധിയും പണയപ്പെടുത്തിയ കുറച്ചു അണികൾ കണ്ടേക്കും, അധികം പേരുണ്ടാവില്ല. പൊതുമുതൽ നശിപ്പിക്കാൻ മതപുസ്തകം പറയുന്നുണ്ടോ? രാജ്യത്തെ നിയമം ലംഘിച്ചാൽ ഇമ്യുണിറ്റി കിട്ടുമെന്ന് പറയുന്നുണ്ടോ? ‘ഇസ്ലാമോഫോബിയ’ എന്ന വാക്ക് ഇവരുടെ തോന്നിയവാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുക വഴി ഇത്തരക്കാർ ആ സമുദായത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല. പൊതുമുതൽ നശിപ്പിക്കുന്നവർ ആരായാലും അവരുടെ സ്വത്ത് ഒട്ടുംവൈകാതെ ജപ്തി ചെയ്തു ചെലവ് ഈടാക്കാൻ സ്റ്റേറ്റിന് കഴിയണം. കാലതാമസം ഉണ്ടാകരുത്’, ഹരീഷ് വാസുദേവൻ പറയുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
മിന്നൽ ഹർത്താൽ നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹൈക്കോടതി വിധി ഉണ്ടായ ശേഷം അത്തരം എത്ര ഹർത്താൽ ഉണ്ടായി? എന്റെയറിവിൽ 2 എണ്ണം മാത്രമാണ് ഉണ്ടായത്. ഒന്ന് യൂത്ത് കോൺഗ്രസിന് വേണ്ടി ഡീൻ കുര്യാക്കോസ് ആഹ്വാനം ചെയ്തത്. അതിനു ഡീനിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചു, ഡീൻ നേരിട്ടെത്തി മാപ്പ് പറഞ്ഞു, പൊതുമുതൽ നഷ്ടമുണ്ടായ തുക കെട്ടിവെച്ച ശേഷം ഡീനിന് ജാമ്യം ലഭിച്ചു. PDPP ആക്ട് പ്രകാരം അങ്ങനെയേ കിട്ടാവൂ. ജാമ്യത്തിന്റെ കാര്യത്തിൽ കുറച്ചു വർഷമായി PDPP നിയമം (Prevention of Damage to Public Property, Act) കർശനമായി നടപ്പാക്കുന്നുണ്ട്. ലക്ഷങ്ങൾ കെട്ടിവെച്ചിട്ടാണ് പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വരെ ജാമ്യം നേടുന്നത്.
രണ്ടാമത്തേതാണ് പോപ്പുലർ ഫ്രെണ്ടിന്റേ മിന്നൽ ഹർത്താൽ. അവർ പൊതുമുതലിനു വ്യാപകമായ നാശനഷ്ടമുണ്ടാക്കി. നഷ്ടപരിഹാരം ഈടാക്കാൻ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാൻ ഹൈകോടതി പറഞ്ഞു. സാധാരണയായി ഇത്തരം വിധിവന്നാൽ നടപടി ക്രമങ്ങൾ മനഃപൂർവ്വം നീട്ടിക്കൊണ്ടുപോയി സ്റ്റേറ്റ് സംവിധാനം ഇത്തരക്കാരെ സഹായിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്.ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ്.മുഹമ്മദ് നിയാസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിലപാട് കടുപ്പിച്ചതോടെ സ്റ്റേറ്റിന് പെട്ടെന്ന് ജപ്തി നടത്തേണ്ടിവന്നു. തെറ്റുകാർക്ക് delay tactics ലൂടെ രക്ഷപ്പെടാൻ പറ്റുന്ന സ്ഥിരം സാഹചര്യം മാറി. ചില വിദേശങ്ങളിലെ പോലെ നീതി പെട്ടെന്ന് നടപ്പായി.
ഈ രാജ്യത്തെ നിയമം ലംഘിച്ച് ഹർത്താൽ നടത്തി, ജനങ്ങളുടെ മൗലികാവകാശം ലംഘിച്ച് അക്രമം അഴിച്ചുവിട്ടു പൊതുമുതൽ നശിപ്പിച്ചതിന് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാതെ പിന്നെന്ത് വേണം?
നൈതികമായോ നിയമപരമായോ കോടതിവിധിയിൽ ഒരു തെറ്റും ചൂണ്ടിക്കാണിക്കാൻ കഴിയാത്ത ചില വർഗ്ഗീയ വാദികൾ ഇരവാദം മുഴക്കി രംഗത്തുവന്നിട്ടുണ്ട്. ഇസ്ലാമോഫോബിയ എന്നൊക്കെയാണ് ഇരവാദം.
ആ മണ്ടത്തരം വിശ്വസിക്കാൻ യുക്തിയും സാമാന്യബുദ്ധിയും പണയപ്പെടുത്തിയ കുറച്ചു അണികൾ കണ്ടേക്കും, അധികം പേരുണ്ടാവില്ല. പൊതുമുതൽ നശിപ്പിക്കാൻ മതപുസ്തകം പറയുന്നുണ്ടോ? രാജ്യത്തെ നിയമം ലംഘിച്ചാൽ ഇമ്യുണിറ്റി കിട്ടുമെന്ന് പറയുന്നുണ്ടോ? ‘ഇസ്ലാമോഫോബിയ’ എന്ന വാക്ക് ഇവരുടെ തോന്നിയവാസത്തിനു വേണ്ടി ദുരുപയോഗം ചെയ്യുക വഴി ഇത്തരക്കാർ ആ സമുദായത്തോട് ചെയ്യുന്ന ദ്രോഹം ചെറുതല്ല.
പൊതുമുതൽ നശിപ്പിക്കുന്നവർ ആരായാലും അവരുടെ സ്വത്ത് ഒട്ടുംവൈകാതെ ജപ്തി ചെയ്തു ചെലവ് ഈടാക്കാൻ സ്റ്റേറ്റിന് കഴിയണം. കാലതാമസം ഉണ്ടാകരുത്. ഇതൊരു നല്ല മാതൃകയായി തുടരണം. നാളെ KSRTC ബസ്സിന് എറിയാൻ കല്ല് കയ്യിലെടുക്കുന്ന ഏത് മതത്തിൽ പെട്ടവനും ഏത് പാർട്ടിയുടെ പ്രവർത്തകനും തോന്നണം, അടുത്തയാഴ്ച ഈ ചെലവിലേയ്ക്കായി സ്വന്തം വീട് ജപ്തി ചെയ്യപ്പെടുമെന്ന്. ഒരു അധികാരബന്ധവും തന്നെ സഹായിക്കില്ലെന്ന്. ഇന്നാട്ടിൽ നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ടെന്ന്. നമുക്കിതിനെ പിന്തുണയ്ക്കാം.
\
Post Your Comments