തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ടെന്നും പ്രാദേശിക സിപിഎം നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗുണ്ടാ-ലഹരി മാഫിയകളുമായും ഭീകരവാദ സംഘടനകളുമായും കേരളത്തിലെ പോലീസുകാർക്ക് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ചില പോലീസുകാർക്കെതിരെ എടുക്കുന്ന നടപടികൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉദ്ദേശിച്ചുള്ളത് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുമുതൽ നശിപ്പിച്ച കേസ്: സ്പീക്കർ എഎൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു
സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്നും ഇവരെ സംരക്ഷിക്കുന്ന ജോലിയാണ് പോലീസിനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിലും തിരുവനന്തപുരത്തും സിപിഎമ്മിലെ ലഹരി മാഫിയ പൂർണമായും ആ പാർട്ടിയെ കീഴടക്കിയത് കേരളം കണ്ടതാണെന്നും ആഭ്യന്തരവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടതാണ് പോലീസ് ഇത്രയും അധപതിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തിരുവനന്തപുരത്തെ മംഗലപുരം പോലീസ് സ്റ്റേഷൻ ഒരു പ്രതീകം മാത്രമാണ്. കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ഗുണ്ടകൾക്കും ലഹരി മാഫിയകൾക്കും സ്വാധീനമുണ്ട്. പ്രാദേശിക സിപിഎം നേതാക്കളാണ് പോലീസിനെ നിയന്ത്രിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്ത് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കാത്ത സംസ്ഥാനമായി സിപിഎം കേരളത്തെ മാറ്റി,’ കെസുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments