റിയാദ്: സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള ചരിത്രപരമായ ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്ക് ജയം. പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളിന് സൗദി ഓൾസ്റ്റാറിനെ തോൽപ്പിച്ചു. റൊണാൾഡോ ഇരട്ടഗോൾ നേടിയ മത്സരത്തിൽ മെസിയും എംബാപ്പെയും ഗോൾ നേടി.
റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ പിഎസ്ജിയ്ക്കായി മെസി ആദ്യ ഗോൾ നേടി. മൂന്നാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 34-ാം മിനിറ്റില്‍ കൈലർ നവാസിന്റെ ഫൗളിന് കിട്ടിയ പെനാൽറ്റി വലയിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി മണ്ണിലെ ആദ്യ ഗോൾ കുറിച്ചു.
39-ാം മിനിറ്റില്‍ യുവാൻ ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയെങ്കിലും 43-ാം മിനിറ്റില്‍ മാർകീഞ്ഞോസിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. എന്നാൽ, ആദ്യ പകുതി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ടീമിനെ ഒപ്പമെത്തിച്ച് റൊണാൾഡോ വീണ്ടും സൗദി ഓള് സ്റ്റാറിനായി സ്കോര്‍ ചെയ്തു.
Read Also:- ആശുപത്രി കാന്റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തി: പൂട്ടിച്ച് ആരോഗ്യ വിഭാഗം
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തി. 56-ാം മിനിറ്റില്‍ ജാങ് ഹ്യൂൻ സൂവിന്റെ ഗോളിലൂടെ സൗദി ഒപ്പമെത്തിയെങ്കിലും പിന്നാലെ എംബാപ്പെയുടെ ഗോളിൽ പിഎസ്ജി വീണ്ടും മുന്നിലെത്തി.
പ്രതിരോധനിര താരത്തിന്റെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനല്‍റ്റിയിലാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിൽ ടാലിസ്ക സൗദി ഓള് സ്റ്റാറിന്റെ ഗോൾപട്ടിക പൂർത്തിയാക്കി.
Post Your Comments