എറണാകുളം: പറവൂരിലെ താലൂക്ക് ഗവൺമെന്റ് ആശുപത്രിയിലെ കാന്റീനിനുള്ളിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽകാന്റീൻ പൂട്ടിച്ചു. ആശുപത്രി മോർച്ചറിയിൽ എംബാം ചെയ്ത് മൃതദേഹം കൊണ്ട് വന്ന പെട്ടിയായിരുന്നു ഒരാഴ്ചയായി കാന്റീനിൽ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ നഗരസഭാ പ്രതിപക്ഷം അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. താത്കാലികമായി കാന്റീൻ പൂട്ടിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഇതു സംബന്ധിച്ച് നേരത്തെ പ്രതിപക്ഷം മുൻസിപ്പിൽ ഹെൽത്ത് വിഭാഗത്തിൽ പരാതിപ്പെട്ടെങ്കിലും പരിശോധനയുണ്ടായില്ല എന്നാണ് ആരോപണം. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ആശുപത്രി കൗൺസിൽ യോഗത്തിൽ വിഷയം ഉയർന്നിരുന്നു. യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ നഗരസഭാ ചെയർപേഴ്സൺ വി എ പ്രഭാവതി കാന്റീൻ സന്ദർശിച്ചു. പെട്ടി ഉടൻ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കാന്റീനിൽ പരിശോധനയ്ക്കെത്തിയതിനു പിന്നാലെയാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.
വിദേശത്ത് നിന്ന് കൊണ്ട് വന്ന പെട്ടി കാൻ്റീനിൽ കൊണ്ടുവന്ന വെച്ചത് ആശുപത്രിയുമായി അടുത്ത് പ്രവർത്തിക്കുന്ന ചില ആളുകളാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് പെട്ടി മറിച്ച് വിൽക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന. ചില ആംബുലൻസ് ഡ്രൈവർമാരുടെ പേരുകൾ ഇതുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. അനാരോഗ്യ ചുറ്റുപാടിലാണ് കാന്റീൻ പ്രവർത്തിച്ചിരുന്നതെന്നുകാട്ടി മുൻസിപ്പിൽ അധികൃതർ നോട്ടീസ് നൽകി. ശവപ്പെട്ടി കാന്റീനിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച മണ്ഡലം കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
Post Your Comments