Latest NewsKeralaNews

വിഷക്കായ കഴിച്ച് മരിച്ച യുവതിയുടെ മൃതദേഹം മക്കളെ കാണിക്കും, മരിച്ച ആശയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍

ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം, മൃതദേഹം കാണാതെ മടങ്ങിയ പ്രവാസിയായ ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: വിഷക്കായ കഴിച്ച് മരിച്ച പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. എംഎല്‍എ മുരളി പെരുനെല്ലി വിഷയത്തില്‍ ഇടപെട്ടു. ജില്ലാ കളക്ടറുമായും പൊലീസുമായും അദ്ദേഹം സംസാരിച്ചു. ഇതേ തുടര്‍ന്ന് ആശയുടെ ഭര്‍ത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആണ്‍മക്കളെയും ഉടന്‍ പാവറട്ടിയിലെത്തിച്ച്, അമ്മയുടെ അന്ത്യകര്‍മ്മങ്ങളില്‍ ഭാഗമാക്കും.

Read Also: എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കാം ഈ ഭക്ഷണസാധനങ്ങള്‍…

ഭര്‍തൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടര്‍ന്ന് മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ആശയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ചയാണ് നാട്ടികയിലെ ഭര്‍തൃ വീട്ടില്‍ വെച്ച് ആശ കുന്നിക്കുരു കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയിലായി. പ്രവാസിയായ സന്തോഷ് വിവരമറിഞ്ഞ് നാട്ടിലെത്തി. വെള്ളിയാഴ്ച ആശുപത്രിയില്‍ വെച്ച് ആശ മരിച്ചു. ആശയുടെ കുടുംബവും സന്തോഷും ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

മരണം നടന്നതിന് പിന്നാലെ മൃതദേഹം കാണാന്‍ പോലും നില്‍ക്കാതെ സന്തോഷ് ആശുപത്രിയില്‍ നിന്ന് മടങ്ങി. നാട്ടികയില്‍ മൃതദേഹം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സന്തോഷും കുടുംബവും തയ്യാറായില്ല. തുടര്‍ന്ന് ഇന്ന് രാവിലെ പത്തിന് പാവറട്ടി വീട്ടില്‍ സംസ്‌കാരം നിശ്ചയിച്ചു. എന്നാല്‍ സന്തോഷും കുടുംബവും മക്കളെ തടഞ്ഞുവെച്ചു. ആശയുടെ വീട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മക്കളെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

ആശയും സന്തോഷും 12 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടെ ആണ്‍മക്കള്‍ക്ക് പത്തും നാലും വയസാണ് പ്രായം. ആശ വന്നുകയറിയ ശേഷം വീട്ടില്‍ ഐശ്വര്യമില്ലെന്ന് ആരോപിച്ച് സന്തോഷിന്റെ അമ്മയും സഹോദരനും നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് ആശയുടെ കുടുംബം ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ആത്മഹത്യയെന്നും ഇവര്‍ പറയുന്നു.

 

 

shortlink

Post Your Comments


Back to top button