പുതുച്ചേരി: പണം വച്ച് നടന്ന കോഴി പോരിലെ പ്രതികളെ അഞ്ച് ദിവസമായി സൂക്ഷിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു പൊലീസ് സ്റ്റേഷനില്‍. പൊങ്കല്‍ ആഘോഷത്തിനിടെ നടത്തുന്ന കോഴിപ്പോഴിന് കൃത്യമായ മാനദണ്ഡങ്ങള്‍ മദ്രാസ് ഹൈക്കോടതി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെ നടക്കുന്ന പണം വച്ചുള്ള കോഴിപ്പോര് ഇത്തവണയും തമിഴ്നാട്ടില്‍ സജീവമാണ്. ഇത്തരത്തിൽ പണപന്തയം നടക്കുന്നുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് പുതുച്ചേരി പൊലീസ് തങ്കൈത്തിട്ടില്‍ റെയ്ഡ് നടത്തിയത്. മുതലിയാര്‍ പേട്ടിന് സമീപത്തെ തങ്കൈത്തിട്ടില്‍ നിന്ന് കോഴിപ്പോരുകാരെ പൊലീസ് പിടികൂടുകയും ചെയ്തു.
തിലക് നഗര്‍ സ്വദേശികളായ ചിന്നത്തമ്പി, പ്രതാപ് എന്നിവരേയും ഇവരുടെ പോരുകോഴികളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആളുകള്‍ പൊലീസിനെ കണ്ടതോടെ ചിതറി ഓടിയിരുന്നു. അനുമതിയില്ലാതെ നിയമവിരുദ്ധമായി കോഴിപ്പോര് സംഘടിപ്പിച്ചതിന് ഇരുവരും അറസ്റ്റിലായെങ്കിലും അടുത്ത ദിവസം തന്നെ ജാമ്യത്തിലിറങ്ങി. എന്നാല്‍, ഇവരുടെ പോരുകോഴികള്‍ തൊണ്ടി മുതലായതിനാല്‍ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു. അഞ്ച് ദിവസമായി മുതലിയാര്‍ പൊലീസ് സ്റ്റേഷനില്‍ സജ്ജമാക്കിയ പ്രത്യേകം കൂടുകളിലാണ് ഇവയെ സൂക്ഷിച്ചിരിക്കുന്നത്. പോരിനായി തന്നെ സജ്ജമാക്കിയ കോഴികളായ ജാവ, കലിവ, കതിർ, യഗത്ത് എന്നീ കോഴികളെ തീറ്റയും വെള്ളവും കൊടുത്ത് പൊലീസുകാരാണ് സംരക്ഷിക്കുന്നത്. ഇന്ന് ഇവയെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. കേസില്‍ കോടതി തീരുമാനം എത്തുന്നത് വരെ പോരുകോഴികളെ സംരക്ഷിക്കേണ്ടത് പൊലീസുകാരുടെ ചുമതല ആണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചിറ്റൂരില്‍ പിടികൂടിയ പോരുകോഴികളെ പൊലീസ് സ്റ്റേഷനില്‍ വച്ച് ലേലം ചെയ്തിരുന്നു. ചിറ്റൂർ അത്തിക്കോട് വച്ച് നടന്ന കോഴിപ്പോരിലെ പോര് കോഴികളെയാണ് പൊലീസ് ലേലം ചെയ്തത്.
Post Your Comments