ഇന്ന് സ്ത്രീകളില്‍ സര്‍വസാധാരണമായി കാണുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മിക്കവരും ഈ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യാറ്. തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പമാണ്.
ക്ഷീണം
രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം ഉറങ്ങിയതാണ്. എന്നിട്ടും ദൈനംദിന പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള ഉന്മേഷം ചോര്‍ന്നു പോകുന്നു. ഇത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ഹൈപ്പര്‍തൈറോയിഡിസം ഉള്ളവരിലാകട്ടെ രാത്രിയില്‍ ഉറക്കം കിട്ടാതെയും വരാറുണ്ട്. പകല്‍ മുഴുവന്‍ അവര്‍ തളര്‍ന്നു കാണപ്പെടുന്നു. ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഉര്‍ജസ്വലരായി കാണപ്പെടാറുമുണ്ട്.
ഭാരവ്യതിയാനങ്ങള്‍
നന്നായി വ്യായാമം ചെയ്യുന്നുണ്ട്. കൊഴുപ്പും കാലറിയും കുറഞ്ഞ ആഹാരമാണ് കഴിക്കുന്നത് എന്നിട്ടും ഭാരം കുറയുന്നതേയില്ല. ഇത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണമാണ്. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും. ഹോര്‍മോണ്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും. അതിനാല്‍ ഭാരവ്യതിയാനങ്ങള്‍ ഹൈപ്പോതൈറോയിഡിസത്തിന്റെയും ഹൈപ്പര്‍തൈറോയിഡിസത്തിന്റെയും ലക്ഷണങ്ങളാണ്.
ഉത്കണ്ഠയും വിഷാദവും
മനസ്സ് പെട്ടെന്നു വിഷാദമൂകമാകുന്നു. വല്ലാത്ത ഉത്കണ്ഠയും. മൂഡ്മാറ്റം എന്നു പറഞ്ഞു തള്ളാന്‍ വരട്ടെ. ഡിപ്രഷനു പിന്നില്‍ ഹൈപ്പോതൈറോയിഡിസമാകാം. ഉത്കണ്ഠയ്ക്കു കാരണമാകുന്നത് ഹൈപ്പര്‍തൈറോയിഡിസവും. തൈറോയ്ഡ് പ്രശ്നം മൂലമുള്ള വിഷാദത്തിന് ആന്റിഡിപ്രസീവുകള്‍ കൊണ്ടു പ്രയോജനമുണ്ടാകില്ല.
കൊളസ്ട്രോള്‍
ആഹാരത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്ന മരുന്നും കഴിക്കുന്നുണ്ട്. എന്നിട്ടും കൊളസ്ട്രോള്‍ ലെവല്‍ ഉയരുന്നു. സൂക്ഷിക്കുക. ഇത് ഹൈപ്പോതൈറോയിഡിസമാകാം. കൊളസ്ട്രോള്‍ ലെവല്‍ കുറയുന്നുണ്ടെങ്കില്‍ അത് ഹൈപ്പര്‍തൈറോയിഡിസത്തിന്റെ ലക്ഷണമാകാം. ഹൈപ്പോതൈറോയിഡിസത്തില്‍ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കുറയുകയും ചെയ്യും. ചിലരില്‍ ട്രൈഗ്ലിസറൈഡ് വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടാറുണ്ട്. കുടുംബപാരമ്പര്യത്തില്‍ കോളസ്ട്രോള്‍ ഇല്ലാതിരിക്കെ ചെറുപ്രായത്തില്‍ കൊളസ്ട്രോള്‍ വര്‍ധന കണ്ടാല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ പരിശോധന ചെയ്യണം.
കുടുംബപാരമ്പര്യം
അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ ഇവരിലാര്‍ക്കെങ്കിലും തൈറോയ്ഡ് രോഗങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കും വരാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. അതിനാല്‍ തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് സ്വയം ബോധവാന്മാരായിരിക്കണം.
ആര്‍ത്തവക്രമക്കേടുകളും വന്ധ്യതയും
തുടരെ അമിത രക്തസ്രാവത്തോടു കൂടിയും അസഹ്യവേദനയോടെയും ആര്‍ത്തവം… ഇവ ആര്‍ത്തവപ്രശ്നങ്ങള്‍ മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി. ഹൈപ്പോതൈറോയിഡിസമുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ വരാം. സമയം തെറ്റി വരുന്ന ആര്‍ത്തവം, ശുഷ്‌കമായ ആര്‍ത്തവദിനങ്ങള്‍, നേരിയ രക്തസ്രാവം എന്നിവ ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈറോയ്ഡ് രോഗം വന്ധ്യതയ്ക്കു കാരണമാകാം. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാല്‍ ഗര്‍ഭമലസുന്നതിനുള്ള സാധ്യത കൂതുടലാണ്. ഭ്രൂണത്തിനു വളര്‍ച്ചക്കുറവും വരാം.
ഉദരപ്രശ്നങ്ങള്‍
നിങ്ങള്‍ക്കു ദീര്‍ഘകാലമായി നീണ്ടു നില്‍ക്കുന്ന, കടുത്ത മലബന്ധപ്രശ്നമുണ്ടോ? അത് ഹൈപ്പോതൈറോയിഡിസം കൊണ്ടാകാം. വയറിളക്കം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയും ഹൈപ്പര്‍തൈറോയിഡിസവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മുടി-ചര്‍മ വ്യതിയാനങ്ങള്‍
മുടിയുടെയും ചര്‍മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ആവശ്യമാണ്. ഹൈപ്പോതൈറോയിഡിസമുള്ളവരില്‍ മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക എന്നീ പ്രശ്നങ്ങള്‍ കാണാറുണ്ട്. ചര്‍മം കട്ടിയുള്ളതും വരണ്ടതുമാകുന്നു. ഹൈപ്പര്‍ തൈറോയിഡിസത്തില്‍ കനത്ത മുടി കൊഴിച്ചിലുണ്ടാകുന്നു. ചര്‍മം നേര്‍ത്തു ദുര്‍ബലമാകുന്നു.
കഴുത്തിന്റെ അസ്വാസ്ഥ്യം
കഴുത്തില്‍ നീര്‍ക്കെട്ടുപോലെ തോന്നുക, ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വാസ്ഥ്യം, കാഴ്ചയില്‍ കഴുത്തില്‍ മുഴപോലെ വീര്‍പ്പു കാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം.
Post Your Comments