KeralaLatest NewsNews

കേരളം കടക്കെണിയിലെന്നു കുപ്രചാരണം നടത്തുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വസ്തുതകൾ മറച്ചുവച്ച് കേരളം വലിയ കടക്കെണിയിലാണെന്ന് ചിലർ കുപ്രചാരണം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടം വർധിക്കുന്നതിനേക്കാൾ ഉയർന്ന തോതിൽ കേരളത്തിന്റെ വരുമാനം വർധിക്കുന്നുണ്ടെന്നും കുപ്രചരണങ്ങളുടെ മുനയൊടിക്കാൻ കാര്യക്ഷമമായ നികുതി പിരിവിലൂടെ വിഭവ സമാഹരണം വർധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ സമഗ്ര പുനഃസംഘടനാ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

20 വർഷംകൊണ്ടു കേരളത്തിന്റെ കടം 13 ഇരട്ടിയായെന്നാണു പ്രചാരണമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 20 വർഷം മുൻപ് 63,000 കോടി രൂപായിരുന്ന സംസ്ഥാന ആഭ്യന്തര വരുമാനം ഇന്നു 10 ലക്ഷം കോടി രൂപയിലധികമായിരിക്കുന്നു. 16 ഇരട്ടി വർധനവുണ്ടായി. 20 വർഷം മുൻപ് 9,973 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. ഇന്ന് അത് 1,35,000 കോടി രൂപയോളമായി. 14 ഇരട്ടി വർധനവ്. 20 വർഷം മുൻപ് ആളോഹരി വരുമാനം 19,463 രൂപയായിരുന്നു. ഇപ്പോൾ അത് 2,30,000 രൂപയോളം എത്തി നിൽക്കുന്നു. ഏകദേശം 12 ഇരട്ടിയോളം വർധനവ് ഇതിലുമുണ്ട്. കേരളത്തിന്റെ പ്രതിശീർഷ വരുമാനം ദേശീയ ശരാശരിയേക്കാൾ 77 ശതമാനം ഉയർന്നതാണ്. കടത്തെക്കുറിച്ചു പറയുന്നവർ ഈ വരുമാന വർധനവിനെക്കുറിച്ചുകൂടി പറയണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: പിഐബിയുടെ ഫാക്ട് ചെക്കിംഗ് യൂണിറ്റ് വ്യാജമെന്ന് കണ്ടെത്തുന്ന വാർത്തകൾ നീക്കം ചെയ്യണം, പുതിയ ഉത്തരവുമായി ഐടി മന്ത്രാലയം

ജി.എസ്.ടി നിലവിൽ വന്ന് ആറു വർഷമായിട്ടും സംസ്ഥാനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര ധനസഹായംകൊണ്ടാണു കേരളം പിടിച്ചുനിൽക്കുന്നതെന്ന കുപ്രചരണവും നടക്കുന്നുണ്ട്. ഇവിടെയും കണക്കുകൾ പരിശോധിച്ചാൽ പൊള്ളത്തരം വ്യക്തമാകും. രാജ്യത്തെ സംസ്ഥാനങ്ങളുടെ ശരാശരി റവന്യൂ വരുമാനത്തിന്റെ 45 ശതമാനം കേന്ദ്ര വിഹിതമാണ്. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 36 ശതമാനം മാത്രമാണു കേന്ദ്ര വിഹിതം. ചില സംസ്ഥാനങ്ങൾക്ക് ഇത് 75 ശതമാനംവരെ ലഭിക്കുന്നുണ്ട്. പത്താം ധനകമ്മിഷന്റെ സമയത്ത് കേരളത്തിന്റെ നികുതി വിഹിതം 3.88 ശതമാനമായിരുന്നു. അത് 15ാ0 ധനകമ്മിഷൻ 1.92 ശതമാനമായി കുറച്ചു. ഇതര സ്രോതസുകളിൽനിന്നു കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തെക്കുറിച്ചു ചില സ്ഥാപിതതാത്പര്യക്കാർ പ്രചരിപ്പിക്കുന്നതു കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്നതാണ്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുണ്ട്. 1,34,097 കോടി രൂപ റവന്യൂ വരുമാനത്തിൽ 85,867 കോടി രൂപയും സംസ്ഥാനത്തിന്റെ തനതു വരുമാനമാണ്. അതായത് ഏകദേശം 64 ശതമാനത്തോളമാണു നികുതി പിരിവിലൂടെ കേരളം കണ്ടെത്തുന്നത്. ദേശീയ ശരാശരി 55 ശതമാനമാണെന്നത് ഓർക്കണം. ഇത് സംസ്ഥാന ജിഡിപിയുടെ ഏഴു ശതമാനത്തോളമാണ്. ദേശീയ ശരാശരി 6.7 ശതമാനമാണ്. കേരളം കാര്യക്ഷമമായി നികുതി പിരിക്കാത്ത സംസ്ഥാനമാണെന്ന പ്രചാരണത്തിൽ വസ്തുതയുടെ പിൻബലമില്ലെന്ന് ഇതിൽനിന്നുതന്നെ വ്യക്തമാണ്. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണു ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന നടപ്പാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

നികുതിദായകർക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക,നികുതി പിരിവ് കാര്യക്ഷമമാക്കുക, നികുതി ചോർച്ച തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടന നടത്തുന്നത്. ടാക്‌സ് പെയേഴ്‌സ് സേവന വിഭാഗം, ഓഡിറ്റ് വിഭാഗം,എൻഫോഴ്‌സ്‌മെന്റ് ആൻഡ് ഇന്റലിജൻസ് വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി വകുപ്പിനെ തരംതിരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യം വർധിപ്പിക്കുക, അവർക്കു പ്രൊഫഷണൽ സമീപനം കൊണ്ടുവരിക തുടങ്ങിയ നടപടികൾ നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കും. നികുതി വകുപ്പിനെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുന്നതിനും സർക്കാർ ശ്രമിക്കുന്നുണ്ട്. ജി.എസ്.ടിയുടെ വരവോടെ ചെക്‌പോസ്റ്റ് സംവിധാനം ഇല്ലാതായി. അതോടെ നിരവധി മാർഗങ്ങളിലൂടെ നികുതി വെട്ടിപ്പു നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുനഃസംഘടനയിലൂടെ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജി.എസ്.ടി. വകുപ്പിന്റെ പുനഃസംഘടനയോടെ ചരക്കു സേവന നികുതി നിലവിൽവന്ന ശേഷം നികുതി വകുപ്പിൽ സമഗ്ര പുനഃസംഘടന നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി പിരിവ് കാര്യക്ഷമമാക്കാൻ ഉതകുന്നതാകും വകുപ്പിൽ പുതുതായി കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെന്നും അദ്ദേഹം വിശദമാക്കി.

Read Also: വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവ്: തീരുമാനം അറിയിച്ച് മന്ത്രി ആര്‍.ബിന്ദു

shortlink

Related Articles

Post Your Comments

Related Articles


Back to top button