ആറ്റിങ്ങൽ: 16 വയസ്സുകാരിയെ കടത്തിക്കൊണ്ടുപോയി ആറു ദിവസം കൂടെ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ സംഭവത്തിലെ പ്രതിക്ക് 20 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെമ്പായത്തിന് സമീപം താമസക്കാരനായ അപ്പു എന്ന് വിളിക്കുന്ന അഖിൽ ജിത്തിനെയാണ് ആറ്റിങ്ങൽ പോക്‌സോ കോടതി ശിക്ഷിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജി ടി.പി പ്രഭാഷ് ലാൽ ആണ് ശിക്ഷ വിധിച്ചത്.
2016 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പെയിന്റിങ് പണിക്ക് എത്തിയ 22 വയസ്സുകാരനായ പ്രതി വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പരിചയത്തിൽ ആവുകയും വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.
Read Also : ഇന്ത്യയ്‌ക്കെതിരായ ഏകദിനം: നേട്ടങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ന്യൂസിലന്‍ഡും
പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ പെൺകുട്ടിയെ കണ്ടെത്തി പൊലീസ് മുമ്പാകെയും മജിസ്ട്രേറ്റ് മുമ്പാകെയും പെൺകുട്ടി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്.
അതിജീവിതക്ക് 10,000 രൂപ നഷ്ടപരിഹാരം എന്ന നിലയിൽ നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. ജയിലിൽ കിടന്ന റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി.ബി. മുകേഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
Post Your Comments