കായംകുളം: ഹെല്‍മെറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത എസ്.ഐക്കു നേരെ സി.പി.എം ലോക്കല്‍ കമ്മി അംഗം തട്ടിക്കയറിയ സംഭവം പാര്‍ട്ടി അന്വേഷിക്കും. കായംകുളം എസ്.ഐ ശ്രീകുമാറും ചേരാവള്ളി ലോക്കല്‍ കമ്മിറ്റി അംഗം അഷ്കര്‍ നമ്പലശേരിയും തമ്മിലാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ വാക്കേറ്റമുണ്ടായത്. മറ്റൊരു പൊലീസുകാരന്‍ ഇടപെട്ടതോടെ സംഘട്ടനമൊഴിവായി.
സംഭവം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായതും പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടായതുമാണ് അന്വേഷണം നടത്താന്‍ കായംകുളം ഏരിയ കമ്മിറ്റിയെ പ്രേരിപ്പിച്ചത്. എസ്.ഐയെ ഹരിപ്പാട്ടേക്ക് മാറ്റാന്‍ നേരത്തേതന്നെ തീരുമാനം ഉണ്ടായിരുന്നു. ഇനി മാറ്റിയാല്‍ ഇതിന്റെ പേരിലാണെന്ന പ്രചാരണം ഉണ്ടാവുമെന്നതിനാല്‍ തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി വി. ശിവന്‍കുട്ടി വരുന്നതിനാല്‍ നഗരത്തില്‍ പൊലീസ് സുരക്ഷ ഉണ്ടായിരുന്നു. ഈ സമയത്താണ് ഹെല്‍മെറ്റ് വെയ്ക്കാതെ അഷ്കര്‍ എത്തിയത്. ട്രാഫിക്ക് നിയന്ത്രിക്കുകയായിരുന്ന എസ്.ഐ ശ്രീകുമാര്‍, ഹെല്‍മെറ്റ് വച്ച് പൊയ്ക്കൂടെയെന്ന് ചോദിച്ചതോടെ അഷ്കര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി എസ്.ഐയെ ആക്രമിക്കാന്‍ പാഞ്ഞടുക്കുകയായിരുന്നു. പാര്‍ട്ടിക്കാരനാണന്നും കാണിച്ചുതരാമെന്നും പറഞ്ഞ് എസ്.ഐയോട് കയര്‍ക്കുകയും നെഞ്ചുകൊണ്ട് തള്ളാന്‍ ശ്രമിക്കുകയും ചെയ്തു.
മറ്റൊരു പൊലീസുകാരന്‍ പിടിച്ച് മാറ്റുന്നതും ദ്യശ്യങ്ങളിലുണ്ട്. ട്രാഫിക് നിയന്ത്രണം തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ അറിയാമെന്നും പറഞ്ഞാണ് അഷ്കര്‍ മടങ്ങുന്നത്. നിരവധിപേര്‍ സാക്ഷികളായതോടെ പൊലീസിനും സംഭവം മാനക്കേടായി.
Post Your Comments