പമ്പ: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീര്‍പ്പ് നടത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
പമ്പ ഹില്‍ടോപ്പില്‍ ബസില്‍ യാത്രക്കാരെ കയറ്റുന്നതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും അയ്യപ്പന്‍മാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ കുട്ടികളായ അയ്യപ്പന്‍മാരെ തള്ളിയിട്ടതിനെ ഒപ്പമുണ്ടായിരുന്നവര്‍ ചോദ്യം ചെയ്തതോടെ ബഹളവും പ്രതിഷേധവുമുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസില്‍ ഭക്തരെ കയറ്റിവിടുന്ന ജോലി ചെയ്തിരുന്ന തേവള്ളി സ്വദേശിയായ കണ്ടക്ടറെ അയ്യപ്പന്‍മാര്‍ മര്‍ദ്ദിച്ചതായി ജീവനക്കാര്‍ ആരോപിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെയാണ് ഇദ്ദേഹം ഡ്യൂട്ടി ചെയ്തതെന്ന് അറിയുന്നു. പരാതികള്‍ക്ക് പിന്നില്‍ ചെറിയൊരു സംഘമാണെന്നും എല്ലാവര്‍ക്കും പങ്കില്ലെന്നും ജീവനക്കാര്‍ക്കിടയില്‍ സംസാരമുണ്ട്.
പ്രതിഷേധിച്ച അയ്യപ്പന്‍മാരെ പമ്പ പൊലീസ് എത്തി സ്റ്റേഷനിലെത്തിച്ചു. കണ്ടക്ടര്‍ ഗവ.ആശുപത്രിയില്‍ ചികിത്സതേടി. അയ്യപ്പന്മാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഇല്ലെങ്കില്‍ പണിമുടക്കുമെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറഞ്ഞു. കേസെടുക്കരുതെന്ന് അയ്യപ്പന്‍മാര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതേതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പമ്പ സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ ജീവനക്കാര്‍ മൂന്ന് ലക്ഷം രൂപയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അയ്യപ്പന്‍മാര്‍ ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാദം.
മൂന്നുലക്ഷം നല്‍കാന്‍ കഴിയില്ലെന്ന് അയ്യപ്പന്‍മാര്‍ പറഞ്ഞു. ഒടുവില്‍ 30,000 രൂപയില്‍ ധാരണയായി. മര്‍ദ്ദനമേറ്റെന്ന് പറഞ്ഞ കണ്ടക്ടര്‍ക്ക് 25,000 രൂപ നല്‍കി. ബാക്കി മറ്റുള്ളവര്‍ പങ്കിട്ടുവെന്നാണ് അറിയുന്നത്. വ്യത്യസ്ത സംഭവങ്ങളിലായി അയ്യപ്പന്‍മാര്‍ മര്‍ദ്ദിച്ചെന്ന രണ്ട് പരാതികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പമ്പ പൊലീസ് സ്റ്റേഷനില്‍ നല്‍കി. പിന്നീട് ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തി പരാതി പിന്‍വലിച്ചു.
Post Your Comments