കൊച്ചി: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 35 ആയി. ഇതിൽ ഒരു യുവതിയുടെ നില ഗുരുതരമാണ്. പറവൂര്‍ ആശുപത്രിയില്‍ മാത്രം 27 പേരാണ് ചികിത്സയിലുള്ളത്.
പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇന്ന് രാവിലെ മൂന്ന് പേരായിരുന്നു ചികിത്സ തേടിയത്. ഉച്ചയോടെ ഇത് ഒൻപതായി. പിന്നീട് ഇത് 35 ആയി ഉയരുകയായിരുന്നു.
ഏഴു പേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ 9 പേര്‍ കുന്നുകര എംഇഎസ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. കൂടുതല്‍ പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച വൈകീട്ട് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും ഷവായിയും കഴിച്ചവരെയാണ് കടുത്ത ഛര്‍ദിയെയും വയറിളക്കത്തെയും തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ പറവൂർ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന്, ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചിരുന്നു.
Post Your Comments