ആലപ്പുഴ: സി.പി.എം പ്രവര്‍ത്തകന്‍ എ.പി. സോണയുടെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ലൈംഗിക അതിക്രമ ദൃശ്യങ്ങള്‍ ഓഫീസ് കമ്പ്യൂട്ടറില്‍ വീക്ഷിച്ച സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ള എല്ലാ നേതാക്കളുടെയും പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി ഡി.ജി.പിക്ക് പരാതി നല്‍കി.
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ക്രിമിനല്‍ കുറ്റമാണ്. സോണയെ പുറത്താക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ദൃശ്യങ്ങള്‍ കാണണമെന്ന് നേതാക്കള്‍ വാശിപിടിച്ചതില്‍ ദുരുദ്ദേശ്യമുണ്ട്. പീഡനത്തിന് വിധേയരായവരെ വീണ്ടും ചൂഷണം ചെയ്യുന്നതിനുള്ള വഴികള്‍ തേടുകയായിരുന്നു അവര്‍.
നഗ്നചിത്രങ്ങള്‍ പെന്‍ ഡ്രൈവിലാക്കിയ നേതാക്കള്‍ അവ പ്രചരിപ്പിക്കാനും ദുരുപയോഗം ചെയ്യാനുമിടയുണ്ട്. അതിനാല്‍ സോണയുടെ ഫോണും പെന്‍ഡ്രൈവും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ കമ്പ്യൂട്ടറും അവിടെ സന്നിഹിതരായവരുടെ ഫോണുകളും അടിയന്തരമായി പിടിച്ചെടുക്കണമെന്നും ജെബി മേത്തര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments