ദോഹ: തിമിംഗല സ്രാവുകളെക്കുറിച്ചുള്ള പഠനത്തിനായി റീജനൽ ഗവേഷണ- പരിശീലനകേന്ദ്രം ആരംഭിക്കാൻ ഖത്തർ. ഗൾഫ് മേഖലയ്ക്ക് അകത്തും പുറത്തുമുള്ളവർക്ക് തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും ഗുണകരമാകുന്ന കേന്ദ്രം ആരംഭിക്കാനാണ് ഖത്തർ പദ്ധതിയിടുന്നത്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ-നേച്ചർ റിസർവ് കാര്യ വകുപ്പിലെ അസി. അണ്ടർ സെക്രട്ടറിയുടെ ഉപദേഷ്ടാവ് പ്രൊഫ. ജോൺ മാൻ കോൻ വോങ് ആണ് ഇക്കാര്യം അറിയിച്ചത്.
2 ഓഫിസുകളും ഒരു ലബോറട്ടറിയും ഗവേഷണത്തിനായി സജ്ജമാക്കി കഴിഞ്ഞു. അടുത്ത 2 വർഷത്തിനുള്ളിൽ കേന്ദ്രം യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെയും യുനെസ്കോയുടെയും നടപടിക്രമങ്ങൾക്കനുസരിച്ചാണ് തീരുമാനം യാഥാർത്ഥ്യമാകുക. ഖത്തറിൽ തിമിംഗല സ്രാവുകൾ ധാരാളമുണ്ട്. സമുദ്രത്തിലെ 30 ശതമാനം വെള്ളം സംരക്ഷിക്കാനായി സമുദ്ര സംരക്ഷിത മേഖല സ്ഥാപിക്കാനുള്ള നടപടികളും ഖത്തർ നടത്തുന്നുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവുകളുടെ സാന്നിധ്യത്തിനുള്ള ലോക റെക്കോർഡ് ഖത്തറിനാണ്. ഇവ കൂടുതലുള്ളത് വടക്കൻ തീരത്തെ അൽ ഷാഹീൻ സമുദ്ര മേഖലയിലാണ്. 18 മീറ്റർ നീളവും 30 ടൺ വരെ ഭാരവുമുള്ള ഇവയ്ക്ക് 70 വർഷം വരെ ആയുസ്സുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
Post Your Comments