തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറുന്നു ഇത് സംബന്ധിച്ച് സർക്കാർ തീരുമാനം കൈക്കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ജില്ലകളാണ് തിരുവനന്തപുരവും എറണാകുളവും. കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് എ.ഡി.ബി വായ്പ നൽകും. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കിാനുമാണ് പദ്ധതിയെന്നാണ് സർക്കാർ നിലപാട്.
10 വർഷത്തേക്ക് ഈ രണ്ട് ജില്ലകളിലെയും കുടിവെള്ള വിതരണത്തിന്റെ ചുമതല സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് നീക്കം. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതും പിരിച്ചെടുക്കുന്നതും കമ്പനി തന്നെയാകും. ഇക്കാലയളവിനുള്ളിൽ വാട്ടർ അതോറിട്ടിയുടെ നഷ്ടം 20 ശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സ്വകാര്യ കമ്പനി നിരക്ക് അമിതമായി വർദ്ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നിരക്ക് വർദ്ധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്. നിലവിൽ കിലോലിറ്ററിന് 4.40 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കുന്ന വെള്ളത്തിന്റെ കരം 14.41 രൂപയായി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
2511 കോടിയുടെ പദ്ധതി പൈലറ്റ് പ്രോജക്ടായി കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. കൊച്ചി കോർപ്പറേഷനെ ഒമ്പത് സോണുകളാക്കി തിരിച്ചാണിത്.1045 കോടിയാണ് ഇതിനായി ചെലവിടുന്നത്. പദ്ധതിത്തുകയുടെ 70 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. എ.ഡി.ബിയുടെ പ്രതിനിധികളും വാട്ടർ അതോറിട്ടി ടെക്നിക്കൽ മെമ്പർ, സെൻട്രൽ സോൺ ചീഫ് എൻജിനീയർ, മറ്റ് മുതിർന്ന എൻജിനിയർമാർ തുടങ്ങിയവർ അടുത്തിടെ തിരുവനന്തപുരത്ത് യോഗം ചേർന്ന് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി. കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കി.
Post Your Comments