തിരുവനന്തപുരം: വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന മാരിടൈം ബോർഡിന് പത്തുകോടിയിലധികം രൂപയുടെ വരുമാനം നേടിത്തന്ന വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ച് ആറുമാസം മുമ്പാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർത്തിവച്ചത്. ക്രു ചെയിഞ്ച് പുനരാരംഭിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കും തുറമുഖ മന്ത്രിക്കും സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പലതവണ കത്തയച്ചിരുന്നു. ഈ കത്തിന്റെ മറുപടിയിലാണ് ക്രു ചെയിഞ്ച് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഇപ്പോൾ അറിയിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര കപ്പൽ ചാലിനോട് ചേർന്ന് നിൽക്കുന്ന വിഴിഞ്ഞത്തെ ക്രൂ ചെയിഞ്ച് മാരിടൈം രംഗത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇത് തുടർന്നാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകുമായിരുന്നു. ഈ സാഹചര്യം മുൻനിർത്തിയാണ് മന്ത്രിയുടെ പ്രതികരണം.
Post Your Comments