കഴിഞ്ഞ വർഷം പ്രവാസികളിൽ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എൻആർഐ പണത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, 2022- ൽ പ്രവാസി ഇന്ത്യക്കാർ രാജ്യത്തേക്ക് അയച്ചത് 100 ബില്യൺ ഡോളർ അഥവാ 8,17,915 കോടി രൂപയാണ്. ഇൻഡോറിൽ നടന്ന പ്രവാസി ഭാരതീയ ദിവാസ് കൺവെൻഷനിൽ ധനമന്ത്രി നിർമല സീതാരാമനാണ് കണക്കുകൾ പുറത്തുവിട്ടത്.
പ്രധാനമായും യുഎസ്, യുകെ, സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലെ വൈദഗ്ധ്യം കുറഞ്ഞ അനൗപചാരിക ജോലികളിൽ നിന്ന് കൂടുതൽ ആളുകളും ഉയർന്ന വൈദഗ്ധ്യവും വരുമാനവും ഉള്ള ജോലികളിലേക്ക് മാറിയതാണ് പ്രവാസി പണം വർദ്ധിക്കാൻ കാരണമായത്. ഇതോടെ, ഇത്രയും വലിയ തുക സ്വീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. എൻആർഐകളാണ് ‘ഇന്ത്യയുടെ യഥാർത്ഥ അംബാസഡർമാർ’ എന്ന് ധനമന്ത്രി വിശേഷിപ്പിച്ചു.
Post Your Comments