ആലപ്പുഴ: കൊല്ലം ലഹരിക്കടത്തിൽ പ്രതികളായ രണ്ട് പേർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് സിപിഎം. സിപിഎം ആലപ്പുഴ സീവ്യൂ ബ്രാഞ്ച് കമ്മറ്റി അംഗമായ ഇജാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിലെ മുഖ്യപ്രതിയാണ് ഇയാൾ. ആലപ്പുഴ നോർത്ത് കമ്മിറ്റി അംഗമായ ഷാനവാസിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് നടപടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു.
ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലെ പ്രതികളിൽ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കളാണെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി നടപടി. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്.
സിപിഎം കൗൺസിലറുടെ വാഹനത്തിൽ ലഹരികടത്തിയത് വൻ വിവാദമാകുമ്പോഴാണ് മുഖ്യപ്രതികളുടെ സിപിഎം ബന്ധവും പുറത്ത് വരുന്നത്. കേസിൽ മുഖ്യപ്രതിയായി പൊലീസ് ആരോപിക്കുന്നത് ഇജാസ് ഇക്ബാലാണ്. നാല് മാസം മുമ്പ് സമാനമായ കേസിൽ ഇജാസ് പിടിയിലായിരുന്നു. എന്നിട്ടും ഒരു നടപടിയും പാർട്ടി സ്വീകരിച്ചിരുന്നില്ല. അതേസമയം ആരോപണ വിധേയനായ കൗൺസിലർ എ ഷാനവാസിൻറെ പിറന്നാൾ ആഘോഷത്തിൽ പാർട്ടിയിലെ യുവനേതാക്കൾക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ഒന്നരക്കോടിയുടെ പാൻമസാല പിടികൂടുന്നതിന് നാല് ദിവസം മുമ്പാണ് പരിപാടി നടന്നത്. കൂടെ നിരവധി യുവനേതാക്കളുമുണ്ട്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി സൗരവ് സുരേഷ്, ഡിവൈഎഫ്ഐ തുമ്പോളി മേഖലാ സെക്രട്ടറി സൽമാൻ, ഡിവൈഎഫ്ഐ ആലിശ്ശേരി മേഖലാ സെക്രട്ടറി സിനാഫ്, എസ്എഫ്ഐ ആലപ്പുഴ ഏരിയാ സെക്രട്ടറി അമൽ നൗഷാദ് എന്നിവരെയും ദൃശ്യങ്ങളിൽ കാണാം.
Post Your Comments