ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതി ശൈത്യത്തിന് കുറവില്ല. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും തുടരുന്നു. ഡല്‍ഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, യുപി എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിച്ചും രക്തം കട്ടപിടിച്ചുള്ള മരണവും ഉയരുന്നു. ഇതുവരെ 98 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത ഞായറാഴ്ച വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹിയില്‍ കാഴ്ച ഏതാണ്ട് പൂര്‍ണമായി മറച്ചാണ് മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുന്നത്. ഷാര്‍ജ-ഡല്‍ഹി വിമാനം ജയ്പുരിലേക്ക് തിരിച്ചുവിട്ടു. ഡല്‍ഹിയില്‍ 15 വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയില്‍ 29 ട്രെയിനുകള്‍ വൈകിയോടുന്നു.
10 വര്‍ഷത്തിനിടയിലെ ഡല്‍ഹിയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്, 1.9 ഡിഗ്രി സെല്‍ഷ്യസ്. അര്‍ധരാത്രി മുതല്‍ തന്നെ നഗരത്തില്‍ കനത്ത മൂടല്‍മഞ്ഞാണ്. കാഴ്ചപരിധി കുറയുന്നത് റോഡ്-റെയില്‍-വ്യോമ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ നാല് ദിവസമായി തുടരുന്ന ശൈത്യതരംഗം ചൊവ്വാഴ്ചയോടെ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments