തിരുവനന്തപുരം: പണമുള്ളവര്‍ മാത്രം കളി കണ്ടാല്‍ മതിയെന്ന കായിക മന്ത്രി അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അപമാനിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ല, ക്രിക്കറ്റ് മത്സരമാണെന്ന് മന്ത്രി ഓര്‍ക്കണം. ധിക്കാരപരമായ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയുകയും നികുതി കുറയ്ക്കുകയും വേണം. കളി കാണാന്‍ കൂടുതലും വിദ്യര്‍ത്ഥികളും യുവാക്കളുമാണ് എത്തുക എന്നിരിക്കെ ഇത്രയും ഭീമമായ നിരക്ക് വര്‍ദ്ധനയ്ക്ക് എന്ത് ന്യായമാണ് സര്‍ക്കാരിന് പറയാനുള്ളത്’, സുരേന്ദ്രന്‍ ചോദിച്ചു.
‘കുത്തക മുതലാളിമാര്‍ക്ക് ഇളവുകള്‍ നല്‍കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവരുടെ മേല്‍ നികുതി ഭാരം കെട്ടിവെക്കുകയാണ്. ഒറ്റയടിക്ക് അഞ്ചില്‍നിന്ന് 12 ശതമാനമായി വിനോദ നികുതി ഉയര്‍ത്തിയത് സംസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. ജിഎസ്ടി ഉള്‍പ്പെടെ കായിക പ്രേമികള്‍ക്ക് കളി കാണാന്‍ 30% നികുതി നല്‍കണമെന്നതാണ് സ്ഥിതി. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സര്‍ക്കാരിന്റെ രീതി’, സുരേന്ദ്രന്‍ കൂട്ടിച്ചെര്‍ത്തു.
Post Your Comments