ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയുടെ രണ്ടാം ഘട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ദിപം) വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട താൽപര്യപത്രം ദിപം ക്ഷണിച്ചിരുന്നു. 2022 ഡിസംബർ 16 വരെയാണ് താൽപര്യപത്രം നൽകാനുള്ള സമയം അനുവദിച്ചിരുന്നതെങ്കിലും, പിന്നീട് ഈ മാസം 7 വരെ നീട്ടി നൽകിയിരുന്നു. അതേസമയം, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പന നടപടികളോട് അനുബന്ധിച്ച് നിരവധി താൽപര്യപത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ദിപം വ്യക്തമാക്കി.
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിൽ ഒന്നാണ് ഐഡിബിഐ ബാങ്ക്. പൊതുമേഖല ഓഹരി വിൽപ്പന നടപടികളുടെ ഭാഗമായാണ് ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ കേന്ദ്രം വിൽക്കുന്നത്. ഐഡിബിഐ ബാങ്കിൽ എൽഐസിക്ക് 49.24 ശതമാനവും, കേന്ദ്രത്തിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തം ഉള്ളത്. ഇവയിൽ നിന്നും കേന്ദ്രം 30.48 ശതമാനം ഓഹരികളും, എൽഐസി 30.24 ശതമാനം ഓഹരികളുമാണ് വിറ്റഴിക്കുക. അതേസമയം, ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരികൾ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം സെബി അനുമതി നൽകിയിരുന്നു.
Post Your Comments