KeralaLatest NewsNews

ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടിയുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കാസർഗോഡ്: കാസർഗോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കാസർഗോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത തുടങ്ങിയത്‌. അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31നാണ് ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.

തുടർന്ന് കാസർഗോഡും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

അതേസമയം, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് മുഴുവൻ പരിശോധനാ അധികാരമുള്ള സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രണ്ട് ദിവസത്തിനകം രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

കാസർഗോഡ് മരണപ്പെട്ട കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങൾ തുടങ്ങിയവ ശേഖരിക്കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഭക്ഷണത്തിൽ മായം കലർത്തിയ ശേഷം സ്ഥാപനം പൂട്ടിയാൽ വീണ്ടും തുറക്കൽ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button