കൊല്ലം: കൊല്ലത്ത് നിലമേലിലെ സൂപ്പർ മാർക്കറ്റ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനെയാണ് സിഐടിയു തൊഴിലാളികൾ മർദ്ദിച്ചത്. സൂപ്പർമാർക്കറ്റിലേക്ക് എത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിന്റെ ഉടമ ഷാനിനെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 13 സിഐടിയു പ്രവർത്തകർക്കെതിരെയാണ് ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ അഞ്ചു പേരാണ് അറസ്റ്റിലായത്.
ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചതെന്നാണ് ഷാൻ പറയുന്നത്. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഷാൻ പോലീസിനോട് പറഞ്ഞു. അതേസമയം, സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മർദ്ദിച്ചിരുന്നുവെന്നാണ് സിഐടിയു ആരോപിക്കുന്നത്.
പരാതി അന്വേഷിക്കാൻ ചുമട്ടു തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റിനെ ചുതലപ്പെടുത്തിയെന്ന് സിഐടിയു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ വ്യക്തമാക്കി. തൊഴിലാളികളുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments