കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. 485 സ്ഥാപനങ്ങളില്‍ ഷവര്‍മ പ്രത്യേക പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടെയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഇതിനിടെ ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടല്‍ പൂട്ടിയിടാനും നിര്‍ദ്ദേശിച്ചു. എന്നാല്‍, ഹോട്ടല്‍ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണ് ഇതെന്നാണ് ഉടമയുടെ വാദം. പരാതി മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നും ഹോട്ടലുടമ ആരോപിച്ചു.
പ്രദേശത്തെ 3 ഹോട്ടലുകള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
Post Your Comments