കൊച്ചി: മകളുടെ കിടപ്പുമുറിയിൽ രാത്രിയിൽ ആൺസുഹൃത്ത് എത്തിയത് ചോദ്യം ചെയ്ത മാതാപിതാക്കൾക്കെതിരേ പോലീസിൽ പരാതി നൽകി പതിനെട്ടുകാരി. തമ്മനം സ്വദേശിനിയും എൽഎൽബി വിദ്യാർത്ഥിനിയുമായ പെൺകുട്ടിയുടെ മുറിയിൽ നിന്നാണ് മാതാപിതാക്കൾ രാത്രിയിൽ ആൺസുഹൃത്തിനെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെ മകളുടെ മുറിയിൽ ശബ്ദം കേട്ട് പരിശോധിച്ചപ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന ആൺസുഹൃത്തിനെ കണ്ടത്.
സംഭവം മാതാപിതാക്കൾ ചോദ്യം ചെയ്തതോടെ തന്നെ ഉപദ്രവിക്കുന്നുവെന്ന് പെൺകുട്ടി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോഴാണ് രാത്രി മകളുടെ മുറിയുടെ കട്ടിലിനടിയിൽനിന്ന് ആൺ സുഹൃത്തിനെ കണ്ട വിവരം പറഞ്ഞത്. തുടർന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കൾ പോലീസിനോടു പറഞ്ഞു.
മാതാപിതാക്കൾക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. 18 വയസു മാത്രമുള്ള പെൺകുട്ടിയോടും ആൺസുഹൃത്തിനോടും വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിർദേശം നൽകി പെൺകുട്ടിയെ കാക്കനാട് സർക്കാർ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി.
എന്നാൽ അടുത്ത ദിവസം സഖിയിലെ ജീവനക്കാരെ അറിയിക്കാതെ പെൺകുട്ടി അവിടെ നിന്നു പോയി. തുടർന്ന് തൃക്കാക്കര പോലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച പോലീസ് പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കി. തന്നെ മാതാപിതാക്കൾക്കൊപ്പം വിടരുതെന്ന് പറഞ്ഞു പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ പൊട്ടിക്കരഞ്ഞു. മകളെ തിരികെ വേണമെന്ന് മാതാപിതാക്കളും ആവശ്യപ്പെട്ടു. ഒടുവിൽ മാതാപിതാക്കൾ നിർദേശിക്കുന്ന ഹോസ്റ്റലിൽ പെൺകുട്ടി താമസിക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.
Post Your Comments