തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ-നിയമപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് വ്യക്തി ബന്ധത്തില്‍ നിഴലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍. പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനമായി ക്ലിഫ് ഹൗസിലേക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊടുത്തയച്ചത് കശ്മീരില്‍നിന്നുള്ള വിശേഷവസ്തുക്കളാണ്. കശ്മീരി ബ്രെഡ്, കുങ്കുമം ചേര്‍ത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്. മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരന്‍ വശമാണു സമ്മാനം എത്തിച്ചത്. സമ്മാനം കൊടുത്തയയ്ക്കുന്ന കാര്യമാണു സത്യപ്രതിജ്ഞാചടങ്ങിനുശേഷം വേദിയില്‍വച്ചു ഗവര്‍ണര്‍ മുഖ്യമന്ത്രിയോടു സംസാരിച്ചതെന്നാണു രാജ്ഭവന്‍ അനൗദ്യോഗികമായി അറിയിച്ചത്. പുതുവല്‍സരദിനത്തില്‍ ഗവര്‍ണര്‍ കശ്മീരിലായിരുന്നു.
സമ്മാനങ്ങള്‍ നല്‍കാന്‍ തല്‍പ്പരനായ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുന്നത് ആദ്യമല്ല. കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടില്‍നിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളില്‍ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാര്‍ക്കും മറ്റു പ്രധാന പദവികളിലുള്ളവര്‍ക്കും ഗവര്‍ണറുടെ സ്‌നേഹസമ്മാനം സഞ്ചികളിലെത്തി. പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയപ്പെട്ടവര്‍ക്കു കേക്ക് കൊടുത്തയയ്ക്കുന്നതും ആരിഫ് മുഹമ്മദ് ഖാന്റെ രീതിയാണ്.
Post Your Comments