Latest NewsKeralaIndiaHockeyInternational

ലോകകപ്പ് ഫുട്ബോളിന് ശേഷം ഇനി ലോകകപ്പ്‌ ഹോക്കി ആവേശം: ജനുവരി 13ന് ഒഡിഷയിൽ തുടക്കം

ഭുവനേശ്വർ: ഫുട്‌ബോളിനുപിന്നാലെ ഹോക്കിയിലും ലോകകപ്പിന്റെ ആവേശം. ജനുവരി 13 മുതൽ 29 വരെ നടക്കുന്ന ലോകകപ്പിന്‌ ഇന്ത്യയാണ്‌ ആതിഥേയർ. ഒഡിഷയിലെ റൂർക്കലയും ഭുവനേശ്വറുമാണ്‌ വേദികൾ. പതിനാറ്‌ ടീമുകൾ നാല്‌ ഗ്രൂപ്പിലായി അണിനിരക്കും. ഇന്ത്യക്കൊപ്പം ഡി ഗ്രൂപ്പിൽ സ്‌പെയ്‌ൻ, ഇംഗ്ലണ്ട്‌, വെയ്‌ൽസ്‌ ടീമുകളാണുള്ളത്‌. എ ഗ്രൂപ്പിൽ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഫ്രാൻസ്‌, അർജന്റീന. ബി ഗ്രൂപ്പിൽ ബൽജിയം, ജപ്പാൻ, ദക്ഷിണകൊറിയ, ജർമനി. സി ഗ്രൂപ്പിൽ നെതർലൻഡ്‌സ്‌, ചിലി, മലേഷ്യ, ന്യൂസിലൻഡ്‌ എന്നിവരാണുള്ളത്‌. ഇത്തവണ പതിനഞ്ചാം ലോകകപ്പാണ്‌.

പതിനെട്ട്‌ അംഗ ടീമിനെ നയിക്കുന്നത്‌ ഹർമൻപ്രീത്‌ സിങ്ങാണ്‌. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ നാലാംലോകകപ്പാണ്‌. രാജ്യത്ത്‌ പര്യടനം നടത്തുന്ന ലോകകപ്പ്‌ ട്രോഫി കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി. വിവിധ കേന്ദ്രങ്ങളിൽ ട്രോഫിക്ക്‌ സ്വീകരണം നൽകി. ഉദ്‌ഘാടനദിവസമായ ജനുവരി 13ന്‌ നാല്‌ കളിയുണ്ട്‌. പകൽ ഒന്നിന്‌ അർജന്റീനയും ദക്ഷിണാഫ്രിക്കയും ആദ്യമത്സരത്തിൽ ഏറ്റുമുട്ടും.

ഇന്ത്യയും സ്‌പെയ്‌നും തമ്മിലുള്ള കളി രാത്രി ഏഴിനാണ്‌. ഇന്ത്യ ലോകകപ്പ്‌ നേടിയിട്ട്‌ 47 വർഷമായി. ലോകകപ്പ്‌ ആരംഭിച്ചത്‌ 1971ലാണ്‌. അക്കുറി മൂന്നാംസ്ഥാനം നേടി. 1973ൽ റണ്ണറപ്പായി ഉയർന്നു. 1975ൽ ആദ്യത്തേയും അവസാനത്തേയും കിരീടം. പിന്നീട്‌ ഒരിക്കലും സെമിയിൽ കടക്കാൻപോലും സാധിച്ചില്ല. അവസാന ലോകകപ്പ്‌ നടന്നത്‌ 2018ൽ ഭുവനേശ്വറിലാണ്‌. ബൽജിയമാണ്‌ നിലവിലെ ജേതാക്കൾ. നെതർലൻഡ്‌സാണ്‌ റണ്ണറപ്പ്‌. ഇന്ത്യ ക്വാർട്ടറിൽ തോറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button