തിരുവനന്തപുരം: മംഗലപുരത്ത് കായ് ഫലമുള്ള 60 ഓളം തെങ്ങുകൾ ഉടമയറിയാതെ മുറിച്ച് കടത്തിയ പ്രതി അറസ്റ്റില്‍. മംഗലപുരം തോന്നയ്ക്കലിലാണ് സംഭവം. മംഗലപുരം ഷമീന മൻസിലിൽ ഷമീനയുടെ ചുറ്റുമതിലുള്ള രണ്ടേക്കർ വരുന്ന പുരയിടത്തിലെ 60 ഓളം തെങ്ങുകളാണ് മുറിച്ചു കടത്തിയത്. തുടിയാവൂര്‍ മാടന്‍കാവ് ക്ഷേത്രത്തിന് മുന്‍വശത്തായുള്ള പുരയിടത്തില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായാണ് തെങ്ങുകൾ മുറിച്ച് കടത്തിയത്. രണ്ടാം ദിവസവും തെങ്ങുകള്‍ മുറിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ പുരയിടത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി താമസിക്കുന്ന സ്ഥലം ഉടമയെ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടർന്ന് ഷമീനയുടെ സഹോദരന് സ്ഥലത്തെത്തിയപ്പോൾ പുരയിടത്തിന് പിന്നിലുള്ള മതിൽ വഴി മുറിച്ച തെങ്ങിൻ തടികൾ ലോറിയിൽ കയറ്റുന്നതായി കണ്ടത്. തുടർന്ന് മംഗലപുരം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് വരുന്നതറിഞ്ഞ സംഘം ലോറി ഉപേക്ഷിച്ച് കടന്നു കളഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ലോറി തെങ്ങിന് തടി പകുതി കയറ്റിയ നിലയില്‍ പറമ്പിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ്നാട്ടിലെ മാർത്താണ്ഡം അരുമനയിലെ ഇഷ്ടിക ചൂളയ്ക്ക് അടുത്ത് വച്ച് മറ്റൊരു ലോറിയും പൊലീസ് പിടികൂടി. ലോറിയിൽ ഉണ്ടായിരുന്ന തടികളും പൊലീസ് കണ്ടെടുത്തു. എന്നാൽ ആദ്യ ദിവസം കടത്തിയ തടികൾ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. തമിഴ്നാട്ടിൽ ഇഷ്ടിക കളത്തിൽ കത്തിക്കാനാണ് തെങ്ങുകൾ മുറിച്ചു കടത്തിയതെന്ന് പൊലീസ് പറയുന്നു. അയൽവാസിയ സുധീർ, ഫസിൽ എന്നിവരുടെ ഒത്താശയോടെ തമിഴ്നാട് നിന്നെത്തിയ സംഘമാണ് തെങ്ങ് മുറിച്ച് കടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സുധീറിനെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. സുധീറിന്റെ കൂട്ടുപ്രതിയായ ഫസൽ ഒളിവിലാണ്. തടിക്കച്ചവടക്കാരനായ ഫസല്‍ വഴിയാണ് സുധീര്‍ തെങ്ങ് മുറിക്കുന്നതിനുള്ള ഒത്തശ ചെയ്തതെന്ന് പൊലീസ് പറയുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
Post Your Comments