ബേപ്പൂര്‍: ഡിവോഴ്സ് ആയ യുവതികളുടെ വിശ്വാസം പിടിച്ചു പറ്റിയ ശേഷം വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറ് സ്വദേശി ചാക്കീരിക്കാട് പറമ്പില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് പ്രതി യുവതികളെ തട്ടിപ്പിനിരയാക്കിയിരുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയവരെയും വിവാഹപ്രായമെത്തിയവരെയുമാണ് ഇയാള്‍ തട്ടിപ്പിനായി സമീപിച്ചിരുന്നത്.
ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി, യുവതികളുടെ പക്കല്‍ നിന്നും പണവും കാറുകളും മറ്റും തട്ടിയെടുക്കുന്നതാണ് അശ്വിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. 2018ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ പക്കല്‍ നിന്നും ഇയാള്‍ ഒമ്പത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. എന്നാല്‍ പിന്നീട് യുവതിക്ക് വണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇമെയില്‍ വഴിയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ മാനഹാനി ഭയന്ന് ഇവര്‍ തുടര്‍നടപടികളിലേക്ക് പോകാതിരിക്കുകയായിരുന്നെന്ന് ബേപ്പൂര്‍ പൊലീസ് പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അശ്വിനെ കോഴിക്കോടുനിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറുമായി ഇയാള്‍ ആഢംബര കാറില്‍ കറങ്ങുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തി ഇയാളെ പിടികൂടുന്നത്.
തുടര്‍ന്ന് പ്രതിയുടെ ഗൂഗിള്‍ പേ പരിശോധിച്ചതിലൂടെ ഇയാള്‍ ഡോക്ടറുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തതായും കണ്ടെത്തി. 2020ലും 2021ലും പ്രതി ന്യൂസിലാന്‍ഡില്‍ താമസമാക്കിയ ഒരു മലയാളിസ്ത്രീയെയും, പത്തനംതിട്ട സ്വദേശിനിയെയും സമാന രീതിയില്‍ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. അശ്വിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികള്‍ സമീപിക്കുവാന്‍ സാധ്യത ഉണ്ടെന്ന് കേസന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസ്‌ഐ ഷുഹൈബിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments