ചെന്നൈ: ഭാര്യാഭർത്താക്കന്മാർക്കിടയിൽ വൈവാഹിക തർക്കം ഉണ്ടായാലും പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ/കുട്ടികളെ പരിപാലിക്കാൻ പിതാവ് ബാധ്യസ്ഥനാണെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം. അമ്മയുടെ കസ്റ്റഡിയിലുള്ള പ്രായപൂർത്തിയാകാത്ത കുട്ടിക്ക് യുവതിയുടെ ഭർത്താവ് ഇടക്കാല ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതി കോടതി സസൂഷ്മം നിരീക്ഷിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും എന്നാൽ കുട്ടിയെ കാണാൻ യുവതി അനുവദിക്കുന്നില്ലെന്നും അതിനാലാണ് കുട്ടിക്ക് ആവശ്യമായ ഇടക്കാല ജീവനാംശം നൽകാത്തതെന്നും ഭർത്താവ് വാദിച്ചു. കുട്ടിയെ കാണാൻ കഴിഞ്ഞാൽ മാത്രമേ ജീവനാംശം നൽകാൻ സാധിക്കുകയുള്ളൂ എന്നാണ് ഭർത്താവിന്റെ അഭിഭാഷകൻ പറഞ്ഞത്. കുട്ടിയെ കാണാൻ ഭാര്യ അനുവദിച്ചില്ലെങ്കിൽ ഇടക്കാല ജീവനാംശം നൽകാൻ കഴിയില്ലെന്ന് അഭിഭാഷകൻ ആവർത്തിച്ചു.
എന്നാൽ, ഭർത്താവിന്റെ തീരുമാനത്തെ കോടതി ശാസിച്ചു. ഒരു പൊതുപ്രവർത്തകനായ പ്രതിയുടെ ഇത്തരം സമീപനം ഒരു സാഹചര്യത്തിലും ഈ കോടതി പ്രോത്സാഹിപ്പിക്കില്ലെന്ന് ബെഞ്ച് അറിയിച്ചു. 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ പരിപാലിക്കേണ്ടത് സ്വാഭാവിക രക്ഷാധികാരിയും വരുമാനമുള്ള അംഗവുമായ ഭർത്താവാണെന്ന് കോടതി നിരീക്ഷിച്ചു.
2020-ൽ ആണ് പരാതിക്കാരിയും യുവാവും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള തെറ്റിദ്ധാരണയെത്തുടർന്ന് ഇരുവരും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതോടെ യുവതി തിരുച്ചിറപ്പള്ളിയിലുള്ള മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. വിവാഹബന്ധം വേർപെടുത്താൻ ഭർത്താവ് പൂനമല്ലിയിലെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
Post Your Comments