ന്യൂയോര്‍ക്ക്: കൊറോണ വൈറസ് തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം മനുഷ്യശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് കണ്ടെത്തല്‍.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ നിന്നാണ് നിര്‍ണായകമായ കണ്ടെത്തലുണ്ടായത്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കീഴിലാണ് പഠനം നടത്തിയത്. 2020 ഏപ്രില്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിനിടയ്ക്ക് മരിച്ചവരെയാണ് പഠനത്തിന് വിധേയമാക്കിയതെന്നും അധികൃതര്‍ അറിയിച്ചു.
വാക്സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരാണ് മരിച്ച എല്ലാ രോഗികളും. ഇത്തരത്തിലുള്ള 11 രോഗികളെയാണ് പഠനം നടത്തിയത്. ഇവരുടെ തലച്ചോറും നാഡീവ്യൂഹവും പഠനത്തിന് വിധേയമാക്കി. കൂടാതെ കൊറോണ ബാധിച്ച 28 പേരുടെ രക്തത്തിലെ പ്ലാസ്മയും പരിശോധിച്ചു.
കൊറോണ ബാധിച്ച് മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും രോഗലക്ഷണങ്ങള്‍ പ്രകടമായി ശരാശരി 18 ദിവസത്തിന് ശേഷമാണ് മരിച്ചിരിക്കുന്നത്. മിക്കവരുടെയും ശ്വാസനാളത്തേയും ശ്വാസകോശത്തേയും കൊറോണ വൈറസ് ബാധിച്ചിരുന്നു. തലച്ചോറില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും തലച്ചോറിലെ കോശങ്ങള്‍ക്ക് കാര്യമായ കേടുപാടുകളോ തകരാറുകളോ വൈറസ് മൂലം സംഭവിച്ചിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments