Latest NewsCinemaMollywoodNewsEntertainment

ഉക്രി എന്ന് വിളിച്ചത് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചു; ഡിവൈഎഫ്ഐ നേതാക്കൾ വഴി ഭീഷണിപ്പെടുത്തിയെന്ന് അശ്വന്ത് കോക്ക്

റിലീസ് ചെയ്യുന്ന ദിവസം തന്നെ ചിത്രത്തിനെതിരെ നെഗറ്റീവ് നൽകുന്നു എന്ന് ആരോപിച്ച് മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക തനിക്കെതിരെ പരാതി നൽകിയ വാർത്തയിൽ പ്രതികരണം അറിയിച്ച് യൂട്യൂബര്‍ അശ്വന്ത് കോക്ക്. ആറാട്ട് എന്ന ചിത്രം പരാജയപ്പെട്ടതിനുശേഷം ബി ഉണ്ണികൃഷ്ണന് തന്നോട് വെറുപ്പ് ഉണ്ടായതായി അശ്വന്ത് കോക്ക് പറയുന്നു. ആറാട്ടിനെതിരെ നൽകിയ മോശം റിവ്യൂ ആണ് വെറുപ്പിന് കാരണമെന്നും, അതിന് പിന്നാലെ, ഡി.വൈ.എഫ്.ഐ നേതാക്കളെ വിട്ട് ഉണ്ണികൃഷ്ണൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും അശ്വന്ത് പറയുന്നു.

‘ഉദയകൃഷ്ണ തിരക്കഥ എഴുതി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിനെതിരെയും ഞാൻ റിവ്യൂ നൽകി. ഈ റിവ്യൂവിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ ഇത് ഫേസ്ബുക്കിൽ നിന്നും റിപ്പോർട്ട് ചെയ്തു കളഞ്ഞു. ഇപ്പോഴും യൂട്യൂബിൽ ആ വീഡിയോ കാണാം. ഉണ്ണികൃഷ്ണനെ ഉക്രി എന്ന് വിളിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഇതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് നാട്ടിലെ ഡിവൈഎഫ്ഐ നേതാക്കൾ മുഖേന സിനിമ റിവ്യൂ അവസാനിപ്പിക്കണം എന്നും അല്ലാത്തപക്ഷം ഹൈക്കോടതിയിൽ അപകീർത്തിപ്പെടുത്തലിന് കേസ് ഫയൽ ചെയ്യുമെന്നും അറിയിച്ചു. അധ്യാപക ജോലി ആയതുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. ജോലി നഷ്ടപ്പെട്ടാലും അഭിപ്രായം പറയുന്നത് തുടരും.

ഈ ഉണ്ണികൃഷ്ണൻ വലിയ അസഹിഷ്ണുത ഉള്ള വ്യക്തിയാണ്. ഏകാധിപത്യ സ്വഭാവമുള്ള ആളാണ് അദ്ദേഹം. ഉണ്ണികൃഷ്ണൻ, സിബി മലയിൽ , റോഷൻ ആൻഡ്രൂസ്, ലാൽ ജോസ് നാദിർഷ തുടങ്ങിയവർക്കെല്ലാം ഇത്തരത്തിലുള്ള അസ്വസ്ഥത ഉണ്ട്. ഇവരുടെയൊക്കെ സിനിമ മോശമാകാനുള്ള കാരണം തൻറെ റിവ്യൂ അല്ല. സിനിമയുടെ ഉള്ളടക്കം മോശമായതു കൊണ്ടാണ് വിജയിക്കാതെ പോകുന്നത്. കഴിഞ്ഞ വർഷം വലിയ ഹിറ്റായി മാറിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മോശം റിവ്യൂ പറഞ്ഞ വ്യക്തിയാണ് ഞാൻ. പക്ഷേ ആ സിനിമ വലിയ ഹിറ്റായി. റിവ്യൂ അല്ല ഒരു സിനിമ പരാജയപ്പെടാനുള്ള കാരണം. അമൽ നീരദ് , ലിജോ ജോസ് പല്ലശ്ശേരി തുടങ്ങിയ യുവ തലമുറയിൽ പെട്ട സംവിധായകർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല. അവർ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാല്‍ ബീ ഉണ്ണികൃഷണന്‍ ശ്രമിക്കുന്നത് പഴയ മാടമ്പിത്തരം ഉപയോഗിച്ച് എതിർത്തു തോൽപ്പിക്കാനാണ്. ഇപ്പോൾ തനിക്കെതിരെ പരാതി നൽകാനുള്ള കാരണം ഫെഫ്ക നിർമ്മിച്ച കാപ്പ എന്ന ചിത്രത്തിനെതിരെ മോശം റിവ്യൂ നൽകിയതാണ്. ഇത് താന്‍ നിയമപരമായി നേരിടും’, അശ്വന്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button