
കോഴിക്കോട്: വടകരയിലെ വ്യാപാരി കടക്കുള്ളിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ വാടാനപ്പള്ളി തൃത്തല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് (22) ആണ് അറസ്റ്റിലായത്.
സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി വ്യാപാരിയെ പരിചയപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകര എത്തിച്ച് ചോദ്യം ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായും അറസ്റ്റ് രേഖപ്പെടുത്തിയതായും റൂറല്‍ എസ്.പി കറുപ്പസാമി പറഞ്ഞു.
സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. സമാനമായ രീതിയില്‍ ചില കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നതായും എസ്പി പറഞ്ഞു.
വടകര പഴയ സ്റ്റാന്റിനു സമീപം ന്യൂ ഇന്ത്യ ഹോട്ടല്‍-മാര്‍ക്കറ്റ്റോഡ് ഇടവഴിയിലെ വ്യാപാരി പുതിയാപ്പ് വലിയപറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജന്‍ (62) ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്നാണ് കൊല്ലപ്പെട്ടത്. ഇയാളെ കടക്കുള്ളിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
Post Your Comments