KeralaLatest News

പോപ്പുലർ ഫ്രണ്ട് അനധികൃത ഹർത്താൽ: 3785 പേരുടെ സ്വത്തുവിവരം ശേഖരിക്കും

കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാൻ സർക്കാർ നടപടി. പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാൻ നടപടി തുടങ്ങി. 2022 സെപ്റ്റംബർ 23ന് പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാനുള്ള റവന്യു റിക്കവറി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സബ് റജിസ്ട്രാർ ഓഫിസുകളും വില്ലേജ് ഓഫിസുകളും വഴിയാണ് വിവരം ശേഖരിക്കുന്നത്.

അക്രമക്കേസിൽ പ്രതികളായ 3785 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പട്ടിക സംസ്ഥാനത്തെ എല്ലാ സബ് റജിസ്ട്രാർ ഓഫിസുകളിലുമെത്തി. പ്രതികളുടെ സ്വത്തുവിവരം ജില്ലാ റജിസ്ട്രാർക്കു കൈമാറാനാണു നിർദേശം. ജില്ലാ റജിസ്ട്രാർ ഇതു റജിസ്ട്രേഷൻ ഐജിക്കു കൈമാറണം. ഓരോ താലൂക്ക് പരിധിയിലെയും പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിലെ പ്രതികളുടെ പട്ടിക തഹസിൽദാർമാർക്കും കൈമാറിയിട്ടുണ്ട്. വില്ലേജ് ഓഫിസർമാരോട് അന്വേഷണം നടത്തി പ്രതികളുടെ സ്വത്തുവിവരം കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം.

സ്വത്തുവിവരം ലഭിച്ച ശേഷം റവന്യു റിക്കവറി നടപടികൾ ആരംഭിക്കും. കോടതിയുടെ വിമർശനത്തെ തുടർന്ന് ഒരു മാസത്തിനകം റവന്യു റിക്കവറി നടപടികൾ പൂർത്തിയാക്കുമെന്നു സർക്കാർ ഡിസംബർ 23ന് കോടതിയെ അറിയിച്ചു. കോടതി നിർദേശപ്രകാരം നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അ‍ഡീ. ചീഫ് സെക്രട്ടറി ഡോ. വി.വേണു നടപടി വൈകിയതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നടപടികളിലെ പുരോഗതി അറിയിക്കാൻ കേസ് 18ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രതികളുടെ സ്വത്തുവിവരം ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button