Devotional

വടക്കുംനാഥ ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നതിനും തൊഴുന്നതിനും പ്രത്യേക ചില ചിട്ടകള്‍ ഉണ്ട്

ഭക്തര്‍ തീര്‍ച്ചയായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പരശുരാമന്‍ നിര്‍മിച്ച നൂറ്റെട്ട് ശിവാലയങ്ങളില്‍ കേരളത്തിലെ ആദ്യക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം. ഭക്തിക്കൊപ്പം പൈതൃകങ്ങളുടെയും പുരാവൃത്തങ്ങളുടെയും ഐതിഹ്യങ്ങളുടെയും ദൈവികവിസ്മയങ്ങളുടെയും സന്നിധിയാണ് വടക്കുംനാഥ ക്ഷേത്രം. പടിഞ്ഞാറ് അഭിമുഖമായി വലിയ വട്ട ശ്രീകോവിലിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. നാലമ്പലത്തില്‍ പടിഞ്ഞാറ് അഭിമുഖമായി മൂന്നു ശ്രീകോവിലുകളുണ്ട്. വടക്കേയറ്റത്ത് മുഖ്യപ്രതിഷ്ഠ ശ്രീപരമേശ്വരനും നടുവില്‍ ശങ്കരനാരായണനും തെക്കേയറ്റത്ത് ശ്രീരാമനും. ശിവന്റെ പിറകില്‍ കിഴക്കോട്ട് ദര്‍ശനമായി പാര്‍വതിയുടെയും ഗണപതിയുടെയും ശ്രീകോവിലുകള്‍.

നാലമ്പലത്തില്‍ തൊഴുന്ന ചിട്ട ഇപ്രകാരം

വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുന്നതിനു പ്രത്യേക നിഷ്ഠകളുണ്ട്. തിങ്കളാഴ്ച ദിവസം അതിവിശിഷ്ടമാണ്. ശ്രീമൂലസ്ഥാനത്ത് തൊഴുത് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തു കടന്നാല്‍ ഇടത്തേക്ക് പ്രദക്ഷിണം വയ്ക്കണം. ഗോശാലകൃഷ്ണനെയും നന്ദികേശ്വരനെയും വണങ്ങണം. വടക്കു കിഴക്കു ഭാഗത്തായി ചെറിയ മതില്‍ക്കെട്ടിലാണ് പരശുരാമന്റെ സ്ഥാനം . പരശുരാമനെ തൊഴുതു ചെല്ലുമ്പോള്‍ ശിവന്റെ ഭൂതഗണങ്ങളിലൊന്നായ സിംഹോദരനെ തൊഴുതിട്ട് നാലമ്പലത്തിന്റെ ചുവരിലൂടെ നോക്കുമ്പോള്‍ വടക്കുംനാഥന്റെ സ്വര്‍ണത്താഴികക്കുടം കാണാം. തിരിഞ്ഞ് സിംഹോദരനെ നോക്കരുതെന്നാണ് ചിട്ട. വീണ്ടും പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലില്‍ കാശി വിശ്വനാഥന്‍, ചിദംബരനാഥന്‍, സേതുനാഥന്‍, ഊരകത്തമ്മ, കൂടല്‍മാണിക്യം ദേവന്‍ തുടങ്ങി അനേകം ഉപദേവതാ പ്രതിഷ്ഠയുണ്ട്.

തെക്കേഗോപുരവാതില്‍ ശിവരാത്രിക്കും പൂരത്തിനും മാത്രമേ തുറക്കൂ. ഇവിടെ കൊടുങ്ങല്ലൂരമ്മയെ നമിക്കണം. തൃക്കാര്‍ത്തിക നാളില്‍ തെക്കേഗോപുര വാതില്‍ക്കലാണ് പൂജ. ഈ സമയം സര്‍വാഭരണ വിഭൂഷിതയായ കുമാരനല്ലൂര്‍ കാര്‍ത്യായനി ദേവിയെ ദര്‍ശിക്കുവാന്‍ ശിവന്റെ ചൈതന്യം തെക്കേ മതിലിലേക്ക് എഴുന്നളളുന്നുവെന്നാണ് സങ്കല്‍പം.തെക്കേ ഗോപുരം കടന്ന് ആല്‍ത്തറയിലെ കരിങ്കല്ലില്‍ വേദവ്യാസനെ നമിക്കണം. ഒടുവില്‍ ശാസ്താവിനെയും മൂന്നു താഴികക്കുടങ്ങളെയും ശങ്കരസമാധി മണ്ഡപങ്ങളെയും വന്ദിച്ച് പടിഞ്ഞാറെ നടയിലൂടെ നാലമ്പലത്തിനകത്തു കടക്കുക . വടക്കുംനാഥന്റെ ചൈതന്യം നിറയുന്ന നടയില്‍ നിന്ന് നന്ദികേശനെ വണങ്ങുക. ഭഗവാനെ കാണാന്‍ അനുവാദം ചോദിക്കുക എന്നാണ് ഇതിന്റെ പിന്നിലെ ഐതിഹ്യം . പിന്നെ ഭഗവാനെ കണ്‍നിറയെ തൊഴുക .

രാവിലെ നെയ്യഭിഷേകവും വൈകിട്ട് ശംഖാഭിഷേകവുമാണു ഭഗവാന്റെ പ്രധാന അഭിഷേകങ്ങള്‍ . ശിവലിംഗത്തിലുള്ള നെയ്മലയ്ക്ക് ഒമ്പതടി പൊക്കമുണ്ട്. 22 അടി വ്യാസവും. ഗോവണി വച്ചു കയറിയാണ് മുകളില്‍ അഭിഷേകം നടത്തുന്നത്. വെളളം എത്ര അഭിഷേകം ചെയ്താലും ഈ നെയ്മലയ്ക്ക് ഒരു മാറ്റവുമില്ല. ചൂടെത്ര വന്നാലും ഇത് ഉരുകില്ല.

തൃപ്പുക തൊഴല്‍

രാത്രിയില്‍ അത്താഴപ്പൂജ കഴിഞ്ഞ് തൃപ്പുക എന്ന അവസാനത്തെ പൂജയുണ്ട്. ആ സമയത്ത് അടുത്തുളള ക്ഷേത്രങ്ങളിലെ എല്ലാ ദേവന്മാരും ഇവിടെ സന്നിഹിതരാവുമെന്നാണ് വിശ്വാസം. ഗന്ധര്‍വന്മാര്‍, യക്ഷന്മാര്‍, പിതൃക്കള്‍, സപ്തര്‍ഷികള്‍, ഇവരുടെയൊക്കെ സംഗമമാണാ സമയം. അന്നേരം തൊഴാന്‍ വരുന്നവരുടെ കൂട്ടത്തില്‍ അപരിചിതരെ കണ്ടാല്‍ ആരാണെന്ന് ചോദിക്കാന്‍ പാടില്ല. കാരണം അന്നേരം ദേവന്മാരോ സപ്തര്‍ഷികളോ പോലും വേഷം മാറി വന്നേക്കുമത്രേ. നാല്പത്തൊന്നുദിവസം അടുപ്പിച്ച് തൃപ്പുക തൊഴുതാല്‍ ഭക്തന്‍ മനസ്സിലാശിച്ച കാര്യം ഭഗവാന്‍ നടത്തിയിരിക്കുമെന്നാണ് വിശ്വാസം. ദൂരെ നിന്നു പോലും ആളുകള്‍ ഇവിടെ വന്ന് തൃപ്പുക തൊഴുന്നു.

 

shortlink

Related Articles

Post Your Comments


Back to top button