വാകേരി: വയനാട് വാകേരിയിലിറങ്ങിയ കടുവ ജനവാസ കേന്ദ്രത്തിൽ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റിലേക്ക് നീങ്ങി. കടുവ വീണ്ടും തിരിച്ചെത്തുന്നത് തടയാൻ പ്രദേശത്ത് കൂടും കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
രണ്ട് ദിവസം വാകേരിയെ മുൾമുനയിൽ നിർത്തിയ കടുവ എല്ലുമല എസ്റ്റേറ്റിലേക്കാണ് കടന്നത്. ഇതിന് തൊട്ടടുത്ത് വനമേഖലയാണ്. 10 വയസ് പ്രായം തോന്നിക്കുന്ന കടുവയുടെ കാലിന് ഗുരുതര പരിക്കുണ്ട്. ഇത് കടുവകളുമായുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാകാം എന്നാണ് നിഗമനം.
ജനവാസ കേന്ദ്രങ്ങളിലെ വളർത്തുമൃഗങ്ങളെ കടുവ ആക്രമിക്കാൻ സാധ്യതയില്ലെന്ന് വനം വകുപ്പ് അറിയിച്ചു. മുൻകരുതലിൻ്റെ ഭാഗമായി ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കടുവ ഭീതി നിലനിൽക്കുന്ന വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാകേരി ഗാന്ധി നഗറിൽ 4 നിരീക്ഷണ ക്യാമറകളാണ് ഒരുക്കിയത്.
Post Your Comments