വർക്കല: പ്രണയത്തിൽനിന്നു പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെയാണ് റിമാൻഡ് ചെയ്തത്. സംഗീതയെന്ന പതിനേഴുകാരിയെയാണ് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയത്തിൽ നിന്നും അകന്നതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.
സംഭവത്തിൽ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗോപുവും സംഗീതയും മാസങ്ങളോളം അടുപ്പത്തിലായിരുന്നു. ഇരുവരെയും പല സ്ഥലങ്ങളിലും ഒരുമിച്ച് കണ്ടതോടെ ബന്ധം വീട്ടിൽ അറിഞ്ഞു. സംഗീതയുടെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് സംഗീത ഗോപുവുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തുടർന്നാണ് അഖിൽ എന്ന പേരിൽ മറ്റൊരു നമ്പരിൽ നിന്നു ഗോപു പ്രണയാഭ്യർഥന നടത്തുകയും അടുക്കുകയും ചെയ്തത്.
ഇവർ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. താനുമായി അകന്ന് അധികം വൈകാതെ സംഗീത മറ്റൊരാളുമായി (അഖിൽ) അടുപ്പത്തിലായത് ഗോപുവിനെ പ്രകോപിപ്പിച്ചു. ചാറ്റിങ്ങിനിടെ ഗോപുവിനെക്കുറിച്ച് സംഗീത മോശമായി പരാമർശിക്കുന്നതും വൈരാഗ്യത്തിന്റെ തീവ്രത കൂട്ടി. തുടർന്ന് സംഗീതയെ ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പായിരുന്നു. കൊലപാതകം നടന്ന ദിവസം അഖിൽ എന്ന പേരിൽ ഗോപു സംഗീതയുമായി കുറെയധികം ചാറ്റ് ചെയ്തിട്ടുണ്ട്.
Post Your Comments