പത്തനംതിട്ട: ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ ശരണം വിളി വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി ഒരു വിഭാഗം. പമ്പയിൽ തങ്ക അങ്കി ദർശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലിൽ തുറന്ന് വച്ചപ്പോഴാണ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ തുടർച്ച ആയി ശരണം വിളിച്ചത്. ശരണം വിളി കൂടി നിന്ന ഭക്തർ ഏറ്റെടുത്തതോടെ കൂട്ട ശരണം വിളി ഉയർന്നു. ഔദ്യോഗിക ചുമതലകൾക്കിടയ്ക്ക് മകനെയും ഒക്കത്തിരുത്തി ശരണം വിളിച്ചത് തെറ്റായ കീഴ് വഴക്കങ്ങളാണ് സൃഷ്ടിക്കുന്നതെന്ന വിമർശനമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ആരാധനാലയങ്ങൾ അടക്കമുള്ള പൊതുവിടങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പോകേണ്ടിവരും. അവിടെയെല്ലാം ഒരു മതേതര രാജ്യത്തെ ഭരണസംവിധാനത്തിന്റെ ഭാഗമെന്ന നിലയിലാണവർ പെരുമാറേണ്ടത്. ഇത്തരം ഭക്തിപ്രകടനങ്ങൾക്കും മതബദ്ധ പെരുമാറ്റത്തിനും ഔദ്യോഗിക ചുമതലക്കുള്ളിൽ സ്ഥാനമില്ല.
ജില്ലയുടെ ഉദ്യോഗസ്ഥ ഭരണമേധാവികൾ എന്ന നിലയിൽ തങ്ങളുടെ ഔദ്യോഗിക ചുമതലകളും വ്യക്തിപരമായ മത, രാഷ്ട്രീയ വിശ്വാസങ്ങളും കൂട്ടിക്കുഴക്കാതിരിക്കുക എന്നത് സാമാന്യമായ ചുമതലയാണ് എന്നതാണ് ദേശീയ നേതാക്കളുടെ അടക്കം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഉന്നയിക്കുന്നത്. എന്നാൽ ദിവ്യ എസ് അയ്യർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മതപരമായ പ്രീതിയോ/അപ്രീതിയോ ചെയ്തതായി ആരോപണമില്ല.
കളക്ടറേറ്റിൽ കെട്ടുനിറയും അയ്യപ്പൻ വിളക്കും സംഘടിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിലാണ് അവർ ശരണം വിളിച്ചത്. വ്യക്തിപരമായ വിശ്വാസ ഇടമെന്ന വാദമാണ് വിമർശകർക്ക് മറുപടിയായി മറുവിഭാഗം നൽകുന്നത്. വ്യക്തിസ്വാതന്ത്ര്യം എന്ന് ‘നമ്മൾ’ പുരോഗമനവാദികൾ വാദിക്കുമ്പോൾ അതിൽ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിശ്വാസിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ. അതുകൊണ്ട് കളക്ടറുടെ ശരണം വിളിയെ ട്രോളുന്നത് നിങ്ങൾ തന്നെ മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യ നിലപാടുകൾക്ക് എതിരാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments