
കണ്ണൂർ: വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം തന്നെയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. രാജനെ കൊലപെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് രാജനെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വടകര പഴയ സ്റ്റാന്‍ഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.
രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജന്‍ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കള്‍ അന്വേഷിച്ച് കടയില്‍ എത്തുകയായിരുന്നു. ഈ സമയത്ത് കടക്കുള്ളില്‍ മരിച്ച നിലയിലായിരുന്നു രാജന്‍. രാജന്റെ മുഖത്ത് മര്‍ദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളില്‍ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
രാജന്റെ മൂന്ന് പവനോളം വരുന്ന സ്വര്‍ണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാജന്‍ രാത്രി ഒമ്പത് മണിക്കു ശേഷം ബൈക്കില്‍ കടയലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ദൃശ്യങ്ങളില്‍ രാജനൊപ്പം മറ്റൊരാള്‍ കൂടി ബൈക്കിലുണ്ട്. സംഭവത്തെ കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി.വൈ.എസ്.പി ആര്‍. ഹരിപ്രസാദ് പറഞ്ഞു.
Post Your Comments