മുംബൈ: സീരിയൽ നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ കൂടുതൽ വഴിത്തിരിവുകൾ. കഴിഞ്ഞദിവസം അറസ്റ്റിലായ സഹതാരം ഷീസാൻ ഖാനെതിരെ തുനിഷയുടെ മാതൃസഹോദരൻ പവൻ ശർമ രംഗത്തെത്തി. ഷീസാന് നിരവധി യുവതികളുടെ ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചു. തുനിഷയുമായി പ്രണയത്തിൽ ആയിരുന്നപ്പോൾ തന്നെ ഷീസാൻ നിരവധി പെൺകുട്ടികളുമായി ബന്ധപ്പെട്ടിരുന്നതായി പവൻ ശർമ ആരോപിക്കുന്നു.
‘തുനിഷ ഇനി ഇല്ലെന്ന് വിശ്വസിക്കാൻ പറ്റില്ല. മീരാറോഡിലെ ഇന്ദ്രപ്രസ്ഥ ബിൽഡിംഗിൽ അമ്മയോടൊപ്പമാണ് അവൾ താമസിച്ചിരുന്നത്. അവൾ എല്ലാം നോക്കിയിരുന്നു. എനിക്ക് പോലീസിൽ പൂർണ വിശ്വാസമുണ്ട്. പ്രതി ആരായാലും ശിക്ഷിക്കപ്പെടണം. തുനിഷയുമായി ബന്ധത്തിലേർപ്പെടുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്ത ശേഷവും ഷീസാൻ പല പെൺകുട്ടികളുമായി ബന്ധം പുലർത്തിയിരുന്നു. ഇത് അവളെ മാനസിക സമ്മർദത്തിലാഴ്ത്തി. അവൾ വിഷാദത്തിലായി. ഡിസംബർ 16ന് ഷീസാൻ തന്നെ ചതിക്കുകയാണെന്ന് തുനിഷ മനസ്സിലാക്കി. തുനിഷയുടെ അമ്മയും ഷീസാനോട് സംസാരിച്ചു, എന്തിനാണ് ഇത്ര അടുത്ത് വന്നതെന്ന് ചോദിച്ചു’, പവൻ പറഞ്ഞു.
ഈ മാസം 27-നാണ് തുനിഷയുടെ സംസ്കാരച്ചടങ്ങൾ നടക്കുക. 14 പേരുടെ മൊഴിയാണ് സംഭവവുമായി ബന്ധപ്പെട്ട് വാലിവ് പോലീസ് എടുത്തിട്ടുള്ളത്. നടിയുടെ അമ്മയുടെ പരാതിയിലാണ് ഷീസാനെ അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ ഹാജരാക്കിയ ഇയാളെ നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും എ.സി.പി ചന്ദ്രകാന്ത് പറഞ്ഞു.
Post Your Comments